
വാർത്താമാധ്യമങ്ങൾ തുറന്നാൽ കേരളത്തിൽ ഈ ദിവസങ്ങളിലായി കാലവർഷക്കെടുതിയാൽ തീരാദുരിതം അനുഭവിക്കുന്നവരുടെയും, അതിന്റെ പരിണിതഫലമായി ജീവൻ നഷ്ടമായ അനേകരുടെ കുടുംബങ്ങളുടെ വേദനകളുമാണ് കാണാൻ സാധിക്കുന്നത്. സ്വന്തം ജീവൻ പോലും വകവെക്കാതെ അനേകർക്ക് സഹായമെത്തിക്കാനും രക്ഷാപ്രവർത്തനം നടത്താനും മുന്നിട്ടിറങ്ങിയവരുടെ അത്ഭുത മാതൃകയാണ് നമ്മുടെ നാട്. ഇത്തരത്തിൽ രക്ഷാപ്രവർത്തനത്തിനിടയിൽ നഷ്ടമായ ചില ജീവനുകളും നമ്മെ കണ്ണീരണിയിക്കുന്നതാണ്.
ജീവിതകാലം മുഴുവൻ സമ്പാദിച്ചത് ചില നിമിഷത്തെ പേമാരിയാൽ സർവ്വതും നശിച്ചുപോയവർ, മുന്നോട്ട് ഇനി എന്ത് എന്നറിയാതെ ജീവിക്കുന്ന അനേകം സാധുക്കൾ. സാമൂഹിക മാധ്യമങ്ങളിലെ വെല്ലുവിളികളും വിദ്വേഷവുമല്ല യഥാർത്ഥ സാമൂഹിക ജീവിതവും അതിന്റെ താളവുമെന്ന് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഈ ദുഃഖവാർത്തകൾക്കിടയിലും അതിനേക്കാൾ ദുഃഖകരമായ അപകട വാർത്തകളാണ് ഓരോ നിമിഷത്തിലും പുറത്തുവരുന്നത്. തെരുവോരങ്ങളിൽ എല്ലാം വഴികാമറകൾ നിറഞ്ഞതുകൊണ്ട്, ഓരോ ദിവസവും അനേകം ദൃശ്യങ്ങളാണ് നാം വേദനയോടെ കണ്ടുകൊണ്ടിരിക്കുന്നത്. കൂടെയുള്ളവരെ ഒരു നിമിഷത്തെ അശ്രദ്ധയോ ആവേശമോ മൂലം നഷ്ടപ്പെട്ട് ജീവിതകാലം മുഴുവൻ കണ്ണീർ പൊഴിക്കാൻ വിധിക്കപ്പെടുന്ന അനേകം കുടുംബങ്ങൾ! ഇത്തരം അപകടങ്ങളിൽ പലതും ഒഴിവാക്കാൻ സാധിക്കുമായിരുന്നവയായിരുന്നു എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു. കാലവർഷം ശക്തി പ്രാപിച്ച ഇത്തരം സന്ദർഭങ്ങളിൽ, റോഡിൽ പാലിക്കേണ്ട അടിസ്ഥാന തത്ത്വങ്ങൾ നാം മറന്നുപോകുന്നതാണ് സ്വയം ജീവനോടൊപ്പം മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നത്.
മനുഷ്യനിർമ്മിതമായ വാഹനങ്ങൾക്കും അവയുടെ പ്രവർത്തനങ്ങൾക്കും ഒരു പരിധിയുണ്ടെന്ന് നാം അംഗീകരിച്ചേ മതിയാകൂ. വിശ്രമമില്ലാതെയോ ലഹരിക്ക് അടിമപ്പെട്ടോ വാഹനത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും, അമിതവേഗതയും, അശ്രദ്ധമായ മറികടക്കലുമാണ് ഒട്ടുമിക്ക അപകടങ്ങൾക്കും പ്രധാന കാരണം. അല്പം ഭയത്തോടെയും ജാഗ്രതയോടെയും നാം ജീവിക്കുന്നതാണ് നല്ലത്. നമ്മെ സ്നേഹിക്കുന്നവരെക്കുറിച്ചും, നാം ഇല്ലാതായാൽ അവർ അനുഭവിക്കാൻ പോകുന്ന ശൂന്യതയെക്കുറിച്ചും മനസ്സിലാക്കിയാൽ പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും.
നാം ഇന്ന് ജീവനോടെയിരിക്കുന്നുവെങ്കിൽ, അനേകർ അനുഭവിക്കുന്ന തീരാദുരിതങ്ങളും കെടുതികളും ഇല്ലാതെ ഇരിക്കുന്നുവെങ്കിൽ ഓർക്കുക; അത് നമ്മുടെ കുടുംബ മഹിമയോ പ്രാപ്തിയോ കൊണ്ടല്ല, പകരം ദൈവകൃപ ഒന്നു മാത്രമാണ്. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കാൻ സാധ്യതയുണ്ടായിരുന്ന അനേകം സാഹചര്യങ്ങൾ മുന്നിൽ വന്നിട്ടും ഇന്നും നാം ജീവനോടെയിരിക്കുന്നുവെങ്കിൽ നന്ദിയുള്ളവരായിരിക്കുക; സഹാനുഭൂതിയുള്ളവരായിരിക്കുക. ക്രിസ്തു കാണിച്ച മാതൃക പോലെ ബലഹീനരായിരിക്കുന്നവർക്ക് താങ്ങും ആശ്വാസവുമായിരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.നമുക്ക് അനുഭവവേദ്യമാകും.