​കേവലം മുക്കുവനായിരുന്ന പത്രോസിലും സഹശിഷ്യന്മാരിലും മാളികമുറിയിൽ വെച്ച് പകർന്നുനൽകിയ അഭിഷേകത്തിന്റെ ശക്തി, തന്റെ ആദ്യ പ്രസംഗത്തിൽ നേടിക്കൊടുത്തത് മൂവായിരം ആത്മാക്കളുടെ രക്ഷയായിരുന്നു. ക്രിസ്തു ജീവിച്ചിരുന്നപ്പോൾ പലപ്പോഴും അധൈര്യനും മുൻകോപിയും എടുത്തുചാട്ടക്കാരനുമായിരുന്ന പത്രോസിൽ അഭിഷേകം ഉണ്ടാക്കിയ മാറ്റം വർണ്ണനകൾക്ക് അതീതമാണ്. ആ ശക്തിയാൽ താൻ ചെയ്ത വീര്യപ്രവർത്തികളും, അന്ത്യത്തിൽ സധൈര്യത്തോടെ തന്റെ ജീവനെ തന്നെ ക്രിസ്തുവിനായി രക്തസാക്ഷിത്വം വഹിച്ച് സമർപ്പിച്ചതും നാം അറിയാത്ത വസ്തുതയല്ല.

​അഭിഷേകത്തിന്റെ ശക്തി പഴയനിയമ കാലഘട്ടത്തിലും പുതിയനിയമ കാലഘട്ടത്തിലും വ്യക്തികളിലൂടെ ചെയ്ത വീര്യപ്രവർത്തികൾ അനവധിയാണ്. മോശെയും, ദാവീദും, ദാനിയേലും തുടങ്ങി ക്രിസ്തുശിഷ്യരും പൗലോസും എല്ലാം ഈ അത്യന്തശക്തിയാൽ നയിക്കപ്പെട്ടവരും അനേകരെ നയിച്ചവരും ആയിരുന്നു. ഈ അത്യന്തശക്തി പകരപ്പെട്ടവരിലൂടെ ദൈവം ചെയ്തെടുത്ത കാര്യങ്ങൾ ഒരു സാധാരണ മനുഷ്യനാൽ ഒരിക്കലും സാധിക്കാത്തവയാണ്.

തന്റെ ദാസന്മാർക്ക് പകരുന്ന അഭിഷേകം ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി ഉപയോഗിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. ​പുതിയ കൃപായുഗത്തിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തികളും ആ അഭിഷേകത്തിന്റെ ശക്തിയും നിലച്ചുപോയിട്ടില്ല. എങ്കിലും ആദ്യപിതാക്കന്മാരെപ്പോലെ ഈ ശക്തിയെ ദൈവതേജസ്സിനായി ഉപയോഗപ്പെടുത്തുന്നവർ വിരളമായിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അതിശക്തമായി അഭിഷേകത്തിൽ നിറഞ്ഞ് ശുശ്രൂഷിച്ചവർ പലരും വിശ്വാസവീഥിയിൽ നിന്നുതന്നെ വീണുപോയിരിക്കുന്നു. അനേകർക്ക് ആത്മീയത നഷ്ടമാകുകയും ലൗകിക ചിന്തകളാലുള്ള ശുശ്രൂഷയിൽ മുന്നേറുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. മരണത്തിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ നൽകിയ ഈ അഭിഷേകത്തിന്റെ ശക്തി ഇന്നും നഷ്ടപ്പെട്ടുപോയിട്ടില്ല. എന്നാൽ ആ പകർച്ച ഏറ്റെടുക്കുന്നവരോ, ഏറ്റെടുത്തിട്ട് ആ തീക്ഷ്ണതയിൽ നിലനിൽക്കുന്നവരോ കുറഞ്ഞുകുറഞ്ഞുവരികയാണ്.

​ഒരു ഉണർവ്വിനായുള്ള സമയം ഇപ്പോഴും അതിക്രമിച്ചുപോയിട്ടില്ല. അന്ധമായ സഭാരാഷ്ട്രീയവും മതഭ്രാന്തും വർഗ്ഗീയതയും ജാതീയതയും ഇന്നും കൊടികുത്തിവാഴുന്ന ഈ കാലഘട്ടത്തിൽ, ആത്മീയ ജീവിതത്തിൽ വേർപാടിനും വിശുദ്ധിക്കും സ്ഥാനം കൊടുക്കാമെങ്കിൽ ഈ ശക്തി നമ്മിൽ പകരുവാനും ഈ ശക്തിയാൽ വൻകാര്യങ്ങൾ ചെയ്യുവാനും ദൈവം ഇന്നും ആഗ്രഹിക്കുന്നു. നമുക്ക് നമ്മെത്തന്നെ ഏൽപ്പിച്ചുകൊടുക്കാം. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *