
പഴയ എഴുത്തുയുഗത്തിൽ നിന്ന് ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിലേക്കുള്ള പറിച്ചുനടൽ, തൊണ്ണൂറുകളിലോ അതിനു മുൻപോ ജനിച്ചവർക്ക് ഒരേ സമയം ആകാംഷയുടേയും അതോടൊപ്പം ആശങ്കയുടേതുമാണ് എന്ന് പറയാതെ വയ്യ. എങ്ങനെ മാന്യമായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവരോ, അല്ലെങ്കിൽ അറിഞ്ഞിട്ടും അത് അനുവർത്തിക്കില്ല എന്ന് നയപരമായോ തന്ത്രപരമായോ തീരുമാനമെടുത്തവരോ ആണ് ഉപഭോക്താക്കളിൽ വലിയൊരു ഭൂരിപക്ഷവും. സാമൂഹിക മാധ്യമ നിഴലിന്റെ മറവുപറ്റി ആർക്കെതിരെയും, ആരെക്കുറിച്ചും എന്തും പറയാം, സംസാരിക്കാം, വെല്ലുവിളിക്കാം എന്ന അവസ്ഥയാണിന്ന്. അസഭ്യവർഷങ്ങൾ ഇല്ലാത്ത സോഷ്യൽ ഇടങ്ങൾ—അത് ആത്മീയമോ, രാഷ്ട്രീയമോ, കായികമോ എന്തുമായിക്കൊള്ളട്ടെ—ഇന്ന് കാണുവാൻ വിരളമാണ്. ഏത് സന്ദർഭത്തിലും മതവും രാഷ്ട്രീയവും ഇടകലർത്തുന്ന ഇത്തരം പ്രൊഫൈലുകൾ, തങ്ങളുടെ യഥാർത്ഥ ജീവിതത്തിൽ അനുഭവിക്കുന്ന മാനസിക ദാരിദ്ര്യങ്ങൾക്കാണ് ഇത്തരം പ്രവൃത്തികളിലൂടെ പരിഹാരം കണ്ടെത്തുന്നത്.
ഏതു തരംതാണ വാക്കുകളിലൂടെയും കാഴ്ചകളിലൂടെയും ഫോളോവേഴ്സിനെയും ലൈക്കുകളെയും ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് ഇന്ന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് സോഷ്യൽ മീഡിയ. എന്തു ചെയ്തിട്ടായാലും പണമുണ്ടാക്കിയാൽ മതി എന്നതിലേക്ക് നമ്മുടെ നൂതന സംസ്കാരം തരംതാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നു; സ്വകാര്യത എന്നത് ആർക്കും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതേ സോഷ്യൽ മീഡിയ തികച്ചും തെറ്റാണെന്നല്ല ഇതിനർത്ഥം. പക്ഷേ, ശരികൾക്ക് പകരമായി തെറ്റുകളാണ് ഇതിൽ നിർലോഭം വിറ്റഴിക്കപ്പെടുന്നതും വിപണി മൂല്യമുള്ളതുമായി മാറിക്കൊണ്ടിരിക്കുന്നത്.
ആൺ-പെൺ വ്യത്യാസമില്ലാതെ, ആത്മീയ-ഭൗതിക വേർതിരിവില്ലാതെ ഇന്ന് എന്തും ഓക്കാനിക്കുവാൻ മടിക്കാത്ത ഇത്തരം സാമൂഹിക മാധ്യമ ഇടപെടലുകൾക്ക് ഒരു പരിധി നിശ്ചയിച്ചേ മതിയാകൂ. ഇല്ലെങ്കിൽ, ഒളിവിൽ ഇരുന്നോ വ്യാജമുഖങ്ങളിലൂടെയോ ഇന്നിവിടെ വിഷം ചർദ്ദിക്കുന്നവർ നാളെ അത് നേരിട്ടും വമിച്ചെന്നു വരാം. കലാപകലുഷിതമായ ഒരു സാമൂഹിക സാഹചര്യത്തിലേക്ക് അത് നയിക്കുമെന്നതിൽ തർക്കമില്ല.
മുകളിൽ പറഞ്ഞ വിനാശകരമായ പ്രവണതകൾ ആത്മീയ ലോകത്തിൽപ്പോലും പ്രചാരം വർദ്ധിച്ചു വരുന്നത് നാം അത്യന്തം ഗൗരവത്തോടെ സമീപിക്കേണ്ടിയിരിക്കുന്നു. ദൈവഭക്തിയോടെയും ആദരവോടെയും എല്ലാവരെയും സമീപിക്കുവാനും, സ്നേഹിക്കുവാനും, ദൈവഭയത്തോടെ മറ്റുള്ളവരോട് പെരുമാറുവാനും ദൈവം നമ്മെ ധാരാളമായി സഹായിക്കുമാറാകട്ടെ.