ഈ ദിവസങ്ങളിലായി അമേരിക്കൻ – ഇറാൻ യുദ്ധഭീതിയും ഭീഷണികളും വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്നു. എല്ലാം സമാധാനമായി എന്ന് നമ്മെ ഏവരേയും വിശ്വസിപ്പിച്ച് സമാധാന ഉടമ്പടികൾ ഒപ്പ് വെച്ചിട്ട് വളരെ ചുരുക്കം ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ സമാധാനം ഇന്നും അകലെയാണ്. പ്രകോപനപരമായ പ്രസംഗങ്ങളും വെല്ലുവിളികളും മറുപടികളും സമാധാന ശ്രമങ്ങളെ വീണ്ടും തുലാസിലാക്കുന്നു.

​ലോകരാജ്യങ്ങൾക്കോ അവയുടെ അധിപന്മാരായ നേതാക്കൾക്കോ പോലും നൽകിയ വാക്കുകളിൽ ഉറച്ചുനിൽക്കുവാൻ സാധിക്കുന്നില്ല. ‘വാക്കാണ് ഏറ്റവും വലിയ ഉറപ്പ്’ എന്നതിൽ നിന്ന്, വാക്കുകൾക്ക് യാതൊരുവിധ ഉറപ്പുമില്ല എന്നതാണ് ഇന്നിന്റെ യാഥാർത്ഥ്യം. പരസ്പരം നൽകുന്ന ഉറപ്പുകൾ പാലിക്കുവാൻ കഴിയാത്തയിടത്തോളം പ്രശ്നങ്ങൾ ഗുരുതരമാവുക തന്നെ ചെയ്യും; അത് ലോകരാജ്യങ്ങൾക്കിടയിലായാലും രാഷ്ട്രീയ-മത നേതാക്കൾക്കിടയിലായാലും. എന്തിന് ഏറെ പറയുന്നു, കുടുംബജീവിതങ്ങളിലും വ്യക്തിബന്ധങ്ങളിലും പാലിക്കപ്പെടാത്ത വാക്കുകളും വാഗ്ദാനങ്ങളും ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല.

​എന്നാൽ നമ്മോട് വാക്ക് പറഞ്ഞിട്ട് മാറാത്തവനായി ഈ ലോകത്തിൽ ഒരുവൻ മാത്രമേയുള്ളൂ; നമ്മുടെ പ്രാണനാഥനായ ക്രിസ്തു. “ലോകാവസാനത്തോളം ഒരുനാളും ഞാൻ നിങ്ങളെ കൈവിടില്ല” എന്ന് നമ്മോട് വാഗ്ദത്തം ചെയ്തവൻ അവൻ മാത്രമാണ്. ആകാശവും ഭൂമിയും മാറിപ്പോയാലും, ലോകത്തിൽ നമുക്ക് വാക്ക് നൽകിയ ആരൊക്കെ നമ്മെ വിട്ടുപോയാലും എന്നാളും നമ്മോട് കൂടെയിരിക്കുന്ന കർത്താവ്!

​അനേകർ തള്ളിക്കളഞ്ഞ ജീവിതമാണോ നിങ്ങളുടേത്? കൂടെയുണ്ടാകുമെന്ന് കരുതിയവർ തന്നെ കൺമുന്നിൽ നിന്നും അകറ്റിനിർത്തിയിട്ടുണ്ടെങ്കിൽ ഭാരപ്പെടേണ്ട; ആരൊക്കെ നമ്മെ ഉപേക്ഷിച്ചാലും ഉപേക്ഷിക്കാതെ ചേർത്തുപിടിക്കുന്നവനാണ് അവൻ. സ്വന്തം ജീവന്റെ അവസാന തുള്ളി രക്തം പോലും നമുക്കായി ചിന്തിയ, ആ സ്വർഗ്ഗീയ മഹോന്നതങ്ങൾ വെടിഞ്ഞ് ഈ താണ ഭൂമിയിലേക്ക് ഇറങ്ങിവന്ന ക്രിസ്തു നമ്മെ അന്ത്യത്തോളം പരിപാലിക്കും. ആ പൊന്നുകരങ്ങൾ ഇന്നും കുറുകിപ്പോയിട്ടില്ല. വിശ്വസിക്കുക; ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *