പ്രതീക്ഷകളാണ് മനുഷ്യന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഒരേയൊരു ഇന്ധനം. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇല്ലായിരുന്നുവെങ്കിൽ ഈ ലോകജീവിതം വിരസമായി തീർന്നേനെ. ഇന്നത്തെ ദുഃഖം നാളത്തെ സന്തോഷത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ഇന്നത്തെ ദാരിദ്ര്യത്തിലും നിരാശയിലും മനുഷ്യനെ തളർത്താതെ പിടിച്ചു നിർത്തുന്നത് നാളത്തെ ഒരു ശുഭഭാവിയെക്കുറിച്ചുള്ള ചിന്തയാണ്.

​ദാരിദ്ര്യം അനുഭവിക്കുന്നവൻ നാളെ ധനവാൻ ആകുന്നതും, ഇന്നത്തെ ധനവാൻ നാളെ അതിസമ്പന്നൻ ആകുന്നതും പ്രതീക്ഷിച്ച് ജീവിതം മുന്നോട്ട് നീക്കുന്നു. എല്ലാ പ്രതീക്ഷകളും അവസാനിച്ചവരാണ് സ്വയം ജീവിതം അവസാനിപ്പിച്ച് ഈ ലോകത്ത് നിന്ന് ഓടിയൊളിക്കുന്നത്. പ്രതീക്ഷകൾ നഷ്ടപ്പെടുന്ന അനേകർ നമുക്കിടയിലുണ്ടെന്നുള്ളതിന്റെ നേർസാക്ഷ്യമാണ് പ്രായഭേദമന്യേ വാർത്തകളിൽ നിറയുന്ന അനുദിന കൊലപാതകങ്ങളും ആത്മഹത്യകളും.

​നമ്മിൽ പ്രതീക്ഷ പകരാൻ അനേകരുണ്ടാകാം; അത് സ്വന്തം കുടുംബമോ, കുഞ്ഞുങ്ങളോ, സുഹൃത്തുക്കളോ, ബന്ധുക്കളോ ആകാം. അല്ലെങ്കിൽ ഈ നാട്ടിലെ മാറിമാറിവരുന്ന നിയമവ്യവസ്ഥകളോ ഭരണസംവിധാനങ്ങളോ ആകാം. എന്നാൽ അവർക്കൊന്നും ആ പ്രതീക്ഷകൾ പൂർണ്ണമായി നിലനിർത്താനോ നിറവേറ്റുവാനോ പലപ്പോഴും സാധിക്കാറില്ല എന്നത് വളരെ പച്ചയായ പരമാർത്ഥമാണ്.

​ആത്മീയ മേഖലകളിലും പലപ്പോഴും നാം പ്രതീക്ഷിക്കുന്ന വാതിലുകൾ തുറക്കപ്പെടാതെ നാം നിരാശപ്പെട്ടുപോകാറുണ്ട്. നമ്മെ നയിക്കുന്നവരും നടത്തുന്നവരും കൂട്ടുവിശ്വാസികളും അധാർമ്മികമായോ ക്രിസ്തുസ്നേഹത്തിൽ നിന്നോ വ്യതിചലിച്ച് പ്രവർത്തിക്കുന്നത് കാണുമ്പോൾ നിരാശയുടെ കയത്തിലേക്ക് വീഴുന്നവർ അനേകരാണ്. കസേരകൾക്ക് വേണ്ടി പരസ്പരം പോർവിളികളും, കടിച്ചുകീറലുകളും, കച്ചേരികളുമായ് മുന്നേറുന്ന ആത്മീയ നേതൃത്വം, സമൂഹത്തിന് മുന്നിൽ പലപ്പോഴും വിശ്വാസികളെ അപഹാസ്യരാക്കി തീർക്കുന്നു.

​എന്നാൽ നമ്മെ വിളിച്ചത് ഇവർ ആരുമല്ല. നമ്മുടെ പാപങ്ങൾക്ക് വേണ്ടി കാൽവരിയിൽ തന്റെ സ്വന്ത രക്തം ചൊരിഞ്ഞ പൊന്നുതമ്പുരാൻ, ലോകാവസാനത്തോളം നമ്മോട് കൂടെയുണ്ടെന്ന് നമുക്ക് വാഗ്ദത്തം നൽകിയവനാണ്. ഈ ലോകത്ത് പ്രതീക്ഷയുടെ ഒരു തിരിനാളം പോലും കാണുവാൻ ഇല്ലെങ്കിലും നമ്മെ പ്രാണനേക്കാൾ സ്നേഹിച്ച യേശുവിനെ നോക്കുക; അവനിൽ ആശ്രയിക്കുക. നമുക്ക് മുന്നിലുള്ള പ്രതീക്ഷകളുടെ ഏതൊക്കെ വാതിലുകൾ അടഞ്ഞാലും, നമുക്കായ് അവൻ പുതിയതും അത്ഭുതകരവുമായ വഴികൾ തുറന്നു തരും.

Leave a Reply

Your email address will not be published. Required fields are marked *