
ഈ വക്രതയും കോട്ടവുമുള്ള തലമുറയിൽ ക്രിസ്തുവിനെ അനുകരിച്ച് അവന്റെ പാദങ്ങൾ പിൻപറ്റി ജീവിക്കുക എന്നുള്ളത് വളരെയേറെ ബുദ്ധിമുട്ടേറിയ അല്ലെങ്കിൽ ത്യാഗം വേണ്ടിവരുന്ന അനുഭവമാണ്. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ ഇപ്രകാരം എഴുതിയിരിക്കുന്നു: “നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു”; “നേരായി നടക്കുന്നവൻ യഹോവാ ഭക്തൻ”; “നേരായി നടക്കുന്നവരൊക്കെയും തങ്ങളുടെ കിടക്കയിൽ വിശ്രമം പ്രാപിക്കുന്നു”.
നേരായി നടക്കുന്നവർക്കുള്ള ദൈവിക അനുഗ്രഹങ്ങൾ ധാരാളമായി രേഖപ്പെടുത്തിയിട്ടുള്ള പുസ്തകമാണ് വിശുദ്ധ സത്യവേദപുസ്തകം. പ്രവർത്തികളിൽ വിശുദ്ധിയോടെ നിർമ്മലനായി അനുദിന ജീവിതത്തിൽ ആത്മാവിൽ വർദ്ധിച്ചുവരുവാൻ നമ്മുടെ പിതാവായ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.
ഗലാ: 5:16 “ആത്മാവിനെ അനുസരിച്ച് നടപ്പിൻ”. ക്രിസ്തീയ ജീവിതം ഓരോ ദിവസവും മുന്നോട്ട് പോകുവാൻ നമുക്ക് വളരെ അധികം ബലം ആവശ്യമാണ്. പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് ഇല്ലാത്ത വ്യക്തിയുടെ ക്രിസ്തീയ ജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കുവാനുള്ള സാധ്യതകൾ അധികമാണ്.
മീഖാ: 2:7 “ഇപ്രകാരം പറയുന്നു, നേരായി നടക്കുന്നവർക്ക് എന്റെ വചനങ്ങൾ ഗുണകരമല്ലയോ.” വചനത്തിൽ ആശ്രയിച്ച് മുന്നോട്ട് പോകുന്നവന്റെ ജീവിതത്തിൽ ദൈവം ഒരു നന്മയും മുടക്കുകയില്ല. നമ്മുടെ ജീവിതത്തിൽ നേരായി നടപ്പാൻ, വക്രതയുള്ള തലമുറയിൽ ക്രിസ്തുവിനായി ശോഭിക്കുവാൻ കർത്താവ് നമ്മെ സഹായിക്കുമാറാകട്ടെ.