
വേദപുസ്തകത്തിൽ ഉടനീളം അനേകം വ്യക്തികളുടെ തകർച്ചയുടെ അവസ്ഥകൾ നമുക്ക് കാണുവാൻ സാധിക്കും. ദൈവത്തിൻറെ അഭിഷേകം ഉണ്ടായിട്ടും, രാജസ്ഥാനം ലഭിക്കേണ്ടവനായിരുന്നിട്ടും അത് വിട്ട് കാട്ടിലേക്ക് ഓടിപ്പോകേണ്ടി വന്ന ദാവീദ് മുതൽ, സർവ്വ ശക്തിയും നഷ്ടപ്പെട്ട് ശത്രുക്കളുടെ കയ്യിൽ ഒരു നിന്ദാപാത്രമായി മാറിയ ശിംശോൻ വരെ അനേകം വ്യക്തിജീവിതങ്ങൾ തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ വ്യക്തിജീവിതത്തിലും പലപ്പോഴും തകർച്ചയുടെ അല്ലെങ്കിൽ ദുഃഖകരമായ അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. അത് ചിലപ്പോൾ രോഗാവസ്ഥകളാകാം, പ്രിയപ്പെട്ടവരുടെ വേർപാടുകളാകാം, സാമ്പത്തികമോ സാമൂഹികമോ ആയ നഷ്ടങ്ങളാകാം. പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന ജീവിതം നമുക്ക് ലഭിക്കണമെന്നില്ല. എന്നാൽ നമ്മുടെ ജീവിതത്തിലെ ഏതൊരു അവസ്ഥയ്ക്കും ദൈവത്തിന് ഒരു ഉദ്ദേശമുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.
കാട്ടിലേക്ക് ഓടിപ്പോകേണ്ടി വന്ന ദാവീദ് പിന്നീട് ഇസ്രായേലിലെ ഏറ്റവും ശ്രേഷ്ഠനായ രാജാവായിത്തീർന്നു. അതുപോലെ വീണ്ടും ദൈവത്തിൽ ആശ്രയിച്ച ശിംശോന് ദൈവം തൻറെ ശക്തി തിരികെ നൽകി. തകർച്ചകൾ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് നമ്മെ ഇല്ലാതാക്കാനല്ല. പകരം നാം ദൈവത്തിൽ ആശ്രയിച്ച് അവിടുത്തെ ഹിതത്തിനായി നമ്മെത്തന്നെ ഏൽപ്പിച്ചു കൊടുത്താൽ, ദൈവം നമ്മെ ശ്രേഷ്ഠമായി അനുഗ്രഹിച്ച് വഴി നടത്തും.
ദൈവമക്കളെ, നമ്മുടെ തകർച്ചകളെ നോക്കി നെടുവീർപ്പിടാതെ ആ വിഷയങ്ങളെ ദൈവസന്നിധിയിൽ ഏൽപ്പിച്ചു കൊടുക്കുക. നാം പൂർണ്ണമായി സമർപ്പിക്കുമെങ്കിൽ, നമ്മുടെ തകർച്ചയുടെയും നിരാശയുടെയും അവസ്ഥകളെ ഉയർച്ചയാക്കി മാറ്റുവാൻ ദൈവം സർവ്വശക്തനാണ്. അവനിൽ വിശ്വസിക്കുക. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.