​കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളി ക്രിസ്തീയ രംഗത്ത് ചില പ്രസ്ഥാനങ്ങളുടെ കോടതി വ്യവഹാരങ്ങളും കായികമായ പള്ളി പിടിച്ചെടുക്കലുകളും അരങ്ങേറുകയാണ്. പരസ്പരം ഏറ്റുമുട്ടുന്ന സഭാ നേതൃത്വവും പുരോഹിതരും സാമൂഹിക മാധ്യമങ്ങളിൽ ദിവസേന പരിഹാസപാത്രങ്ങളായി മാറുന്നു. തങ്ങളുടെ വാദമാണ് ശരിയെന്ന് വെല്ലുവിളിക്കുകയും പോർവിളിക്കുകയും ചെയ്യുന്നവർ ക്രിസ്തുവിന്റെ ഏതു തരത്തിലുള്ള സന്ദേശമാണ് സമൂഹത്തിൽ പ്രാവർത്തികമാക്കുന്നത്?

​ക്രിസ്ത്യൻ സമൂഹത്തിൽ സഭാ-സംഘടനാ വ്യത്യാസമില്ലാതെ അനേകം തർക്കങ്ങൾ വർഷങ്ങൾ നീളുന്ന നിയമയുദ്ധങ്ങളിലേക്ക് വഴിമാറുകയും, പരിഹരിക്കപ്പെടാതെ മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യ വിഷയമാകുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ അവസാന ആശ്രയം നിയമവ്യവസ്ഥയിലാണ്. എന്നാൽ കോടതിവിധികൾ പോലും അംഗീകരിക്കാതെ തർക്കങ്ങളിൽ നിന്നും തർക്കങ്ങളിലേക്ക് ഇവർ വീണുകൊണ്ടിരിക്കുന്നു. അധികാരമോഹവും സഭാ സ്വത്തുക്കളിലുള്ള കണ്ണുമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ.

​ഈ തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, ഇന്നത്തെ സോഷ്യൽ മീഡിയ അതിപ്രസരം ചെറിയ കനലുകളെപ്പോലും ഊതിപ്പെരുക്കി വൻ ദുരന്തങ്ങളാക്കി മാറ്റുന്നു. അനേകരെ വിശ്വാസത്തിലേക്ക് നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ, തങ്ങൾ ചെയ്യുന്നത് ദൈവനീതിക്കോ ക്രിസ്തുമാർഗ്ഗത്തിനോ വചനത്തിനോ നിരക്കുന്നതല്ലെന്ന് അറിയാത്തവരല്ല. ദൈവഭയം ഇവർക്കിടയിൽ ഇല്ലാതായിപ്പോയി എന്നുള്ളതാണ് യാഥാർത്ഥ്യം. നേരിട്ടും കോടതികളിലും സോഷ്യൽ മീഡിയയിലും പരസ്പരം യുദ്ധം ചെയ്യുന്നവർ ഒന്നറിഞ്ഞാൽ നന്നായിരിക്കും—ക്രിസ്തു നിങ്ങളോടൊപ്പമില്ല, നിങ്ങൾ ചെയ്യുന്നത് ക്രിസ്തീയ മാർഗ്ഗവുമല്ല.

​ഒരു മടങ്ങിവരവിന് ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല. പുതിയ തലമുറയ്ക്ക് ആത്മീയതയോട് തന്നെ മടുപ്പുണ്ടാക്കുന്ന ഇത്തരം കപടതകൾ ഏറ്റുപറഞ്ഞ് തിരുത്തേണ്ടതുണ്ട്. ലോകത്തിനു മുന്നിൽ മാതൃകയാകാനും, ക്രിസ്തുവിനെയും അവന്റെ ത്യാഗത്തെയും ലോകത്തിന് കാണിച്ചുകൊടുക്കാനും, സ്വർഗ്ഗീയ വിളിക്ക് നമ്മെ യോഗ്യരാക്കാനും ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *