വാഗ്ദത്തവിളി കേട്ട അബ്രാഹാം ദൈവം തന്നെ കാണിപ്പാനിരിക്കുന്ന ദേശത്തിനായി തന്റെ പിതൃഭവനത്തെയും തനിക്കുള്ളതിനെയൊക്കെയും പിൻപിൽ ഉപേക്ഷിച്ച് ദൈവശബ്ദത്തെ മാത്രം മുന്നിൽ കണ്ട് ഇറങ്ങിത്തിരിച്ചു. തന്റെ പിതാക്കന്മാർ ആരാധിച്ചുവന്ന അനേക വിഗ്രഹങ്ങളും മൂർത്തികളും തന്റെ മുന്നിൽ ഉണ്ടായിട്ടും ജീവനുള്ള ദൈവത്തിന്റെ ശബ്ദം മാത്രം വിശ്വസിച്ച് കടന്നുപോയ വിശ്വാസത്തിന്റെ പിതാവ്.

​കൂടാരവാതിൽക്കൽ ഇരിക്കുമ്പോൾ താൻ കണ്ട മൂന്ന് ദൈവപുരുഷന്മാരെ ഓടിച്ചെന്ന് നമസ്കരിച്ചു. അവരെ കൈക്കൊണ്ടു. അവർക്കു വേണ്ട ആഹാരമൊരുക്കി അവരെ ശുശ്രൂഷിച്ചു. ദൈവപുരുഷന്മാരെ കണ്ടപ്പോൾ അബ്രാഹാം ഇപ്രകാരമാണ് അപേക്ഷിച്ചത്: “എന്നോട് കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.” താൻ ചെയ്ത ആ ശുശ്രൂഷ ദൈവം കണ്ടു. തനിക്ക് ലഭിച്ച വാഗ്ദത്തം അടുത്ത ആണ്ടിൽ ലഭിക്കുവാൻ പോകുന്ന തലമുറയായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. അസാധ്യം എന്ന് അബ്രാഹാമും സാറയും ലോകവും ചിന്തിച്ച കാര്യം അവരുടെ ജീവിതത്തിൽ അത്ഭുതമായി പരിവർത്തിച്ചു.

​പ്രിയ ദൈവജനമേ, നാം ചിന്തിക്കുന്നതിലും നിനയ്ക്കുന്നതിലും ​അത്യന്തപരമായി ചെയ്യുവാൻ പ്രാപ്തനാണ് നമ്മുടെ കർത്താവ്. വാക്ക് പറഞ്ഞാൽ മാറുന്ന ദൈവമല്ല നമ്മുടെ ദൈവം. ആകാശവും ഭൂമിയും മാറിപ്പോയാലും ദൈവത്തിന്റെ വാഗ്ദത്തങ്ങൾക്ക് ഒരു മാറ്റവുമില്ല.

​നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം: “പ്രിയ ദൈവമേ, അടിയനോട് കൃപയുണ്ടെങ്കിൽ അടിയൻ ഇന്ന് ആയിരിക്കുന്ന ജീവിത സാഹചര്യത്തിൽ, രോഗത്തിൽ, ഭയത്തിൽ, ജീവിത വ്യഥകളിൽ, സാമ്പത്തിക ക്ലേശങ്ങളിൽ, മാനസിക ഭാരങ്ങളിൽ, ആത്മീയവും ഭൗതികവുമായ എല്ലാ അവസ്ഥകളിലും അടിയനെ കടന്നുപോകരുതേ.” ഈ അവസ്ഥകളിൽ അടിയനോടുകൂടെ അല്പസമയം ചിലവഴിക്കുന്നത് അടിയന്റെ ജീവിതത്തിൽ വലിയ രൂപാന്തരത്തിന് കാരണമായിത്തീരും. നമ്മുടെ ഏതൊരു അവസ്ഥയിലും നാം അപേക്ഷിച്ചാൽ നമ്മെ കടന്നുപോകാത്ത ആ നല്ല ദൈവത്തിനായി നമുക്ക് വേല ചെയ്യാം.
​ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *