​ഇന്ന് നാം ആയിരിക്കുന്ന അവസ്ഥകളിൽ ദൈവത്തെ മറന്നു പോകാതിരുന്നാൽ, നാളെ നമ്മുടെ ആവശ്യങ്ങളിൽ ഇറങ്ങിവരുന്നവനായി അവൻ എന്നാളും നമ്മോട് കൂടെയിരിക്കും. നമ്മുടെ ഏതൊരു സാഹചര്യത്തിലും ജീവിതസരണികളിലും നമുക്കായ് ക്രൂശിൽ യാഗമായ ആ നല്ല അപ്പൻ നമ്മെ കരുതും. പ്രതിസന്ധികളിൽ പതറാതെ അവൻ നമ്മെ ജയോത്സവമായി വഴി നടത്തും.

​ലഭിക്കുന്ന ഏതു നന്മയും ദൈവത്തിന്റെ ദാനമെന്നു കരുതുവാൻ നമുക്ക് സാധിച്ചാൽ, ആ ദാനങ്ങൾക്ക് നന്ദിയുള്ളവരായി നാം ആയിരുന്നാൽ, നമ്മെ അന്ത്യത്തോളം സൂക്ഷിക്കുവാൻ അവൻ ശക്തനാണ്. എന്നാൽ ദാനങ്ങൾ മറന്നുകളയുന്നവരാണ് മനുഷ്യർ. ഏദൻ തോട്ടം മുതൽ ദൈവം തന്ന ദാനങ്ങളെയും നന്മകളെയും മറന്നുതുടങ്ങി ദൈവത്തോട് പാപം ചെയ്തവരാണ് മനുഷ്യവർഗ്ഗം. ദൈവവചനത്തിൽ അനേകർ ഇത്തരം നന്ദികേട് കാണിച്ചവരായി ഉണ്ട്.

​പുതിയ നിയമകാലഘട്ടത്തിലും നന്ദി പ്രകാശിപ്പിച്ചവരെയും അത് മറന്നുകളഞ്ഞവരെയും കുറിച്ച് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്ക് ലഭിച്ച കുടുംബം, ആരോഗ്യം, സമ്പത്ത്, ജോലി, തലമുറ, മാതാപിതാക്കൾ ഇവയെല്ലാം ദൈവത്തിന്റെ ദാനമാണ്. ഇവ നൽകിയ ദൈവത്തെ നാം പലപ്പോഴും നന്ദിയോടെ ഓർക്കാറില്ല എന്നതാണ് സത്യം. ​അനേകർ ഇന്ന് നാം അനുഭവിക്കുന്ന നന്മകൾ പ്രാപിക്കുവാൻ കൊതിയോടെ ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പോൾ, പരിധികളില്ലാതെ നമ്മെ സ്നേഹിക്കുന്ന പിതാവ് നമ്മെ മാനിച്ച വിധങ്ങൾ നാം ഒരിക്കലും മറന്നുകൂടാ. ആ വൻകൃപ നമുക്കായ് ചൊരിഞ്ഞത് നമ്മുടെ കുടുംബ മഹിമയോ ശ്രേഷ്ഠതയോ കൊണ്ടല്ല, പകരം അവന് നമ്മോട് തോന്നിയ ദയ മാത്രമാണ്.

​നമുക്ക് എന്ത് ഇല്ല എന്നതിലല്ല, അനേകർക്ക് ഇന്നും സ്വപ്നമായ പലതും നമുക്ക് ലഭിച്ച വലിയ ദാനമാണെന്ന് ചിന്തിച്ചു തുടങ്ങുന്നിടത്താണ് ദൈവം നമ്മെ മാനിക്കുന്നത്. അവന്റെ കരുണ ഇന്നും മാറിപ്പോകാതെ നമ്മോട് കൂടെയിരിക്കുന്നുവെങ്കിൽ മനസ്സിലാക്കുക, നാം അവന് പ്രിയമുള്ളവരാണ്. നമ്മുടെ കൊച്ചുജീവിതത്തിൽ ദൈവം ചെയ്ത എല്ലാ ദാനങ്ങളെയും ധ്യാനിച്ച് താഴ്മയോടെ അവനെ സ്നേഹിക്കാനും സേവിക്കാനും ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *