ലോകത്താകമാനം സമാധാനമില്ലാത്ത അന്തരീക്ഷമാണ്. ഇറാൻ – അമേരിക്കൻ യുദ്ധം, ഇസ്രായേൽ – ഇറാൻ യുദ്ധം, യുക്രൈൻ – റഷ്യ യുദ്ധം അതുപോലെ പല രാജ്യങ്ങളിലും കൊടുംമ്പിരി കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങൾ. രാജ്യം രാജ്യത്തോടും ജാതി ജാതിയോടും ശക്തിയോടെ കലഹിച്ചു കൊണ്ടിരിക്കുന്നു.

​എന്നാൽ രാജ്യങ്ങൾ തമ്മിൽ മാത്രമല്ല, വ്യക്തി ജീവിതങ്ങളിലും ഈ കാലഘട്ടം അസമാധാനത്തിന്റേതാണെന്ന് നമുക്ക് സമകാലിക സംഭവങ്ങളിൽ നിന്നും കാണുവാൻ സാധിക്കും. നിസ്സാര വിഷയങ്ങളിൽ ഉണ്ടാകുന്ന അനേകം കൊലപാതകങ്ങൾ, വൈകാരിക ചിന്തയുടെ പേരിൽ സംഭവിക്കുന്ന ആത്മഹത്യകൾ, വർദ്ധിച്ചു വരുന്ന വിവാഹബന്ധങ്ങളിലെ തകർച്ചകൾ, മയക്കുമരുന്നുകൾക്ക് അടിമകളാകുന്ന യുവത്വം. എങ്ങും സമാധാനമില്ലാത്ത അവസ്ഥാ വിശേഷം.

​മതങ്ങളും മതനേതാക്കളുമാണ് ദേശത്തിൽ സമാധാനം ക്രമീകൃതമായി നിലനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചുകൊണ്ടിരുന്നത്. ദൈവസ്നേഹവും ദൈവഭയവും ആണ് പലപ്പോഴും ജീവിതങ്ങളെ നിലനിർത്തി പോരുന്നത്. എന്നാൽ ഇന്ന് ആത്മീയതയും സമാധാന​ത്തിൽ നിന്ന് അകന്ന് പരസ്പരം വിദ്വേഷം പരത്തുന്ന ഇടങ്ങളായി കൊണ്ടിരിക്കുന്നു. പരസ്പരം സ്നേഹിക്കാൻ ആകാതെ ദ്വേഷിക്കുവാൻ നമ്മെ പഠിപ്പിക്കുന്നു.

​എന്നാൽ ക്രിസ്തുതന്ന സമാധാനം അത് ഉള്ളങ്ങളെ വലിയ രൂപാന്തരത്തിലേക്ക് നയിക്കുന്നതും കാലങ്ങളായി അത് തെളിയിക്കപ്പെട്ടതുമാണ്. നമ്മെ ക്രിസ്തുവിന് സമർപ്പിക്കുമെങ്കിൽ ആ സമാധാനത്താൽ നമ്മെ നിറയ്ക്കുവാൻ അവൻ ശക്തനാണ്. യേശു പറഞ്ഞു “എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്”.

​അസമാധാനത്തിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ ലോകസാഹചര്യത്തിൽ എങ്ങും അസഹിഷ്ണുതയും പ്രതികൂലങ്ങളും നിറഞ്ഞു നിൽക്കുമ്പോൾ ക്രിസ്തു തന്ന ഈ വലിയ സമാധാനം പ്രാപിക്കുവാൻ ആത്മാവ് ഉള്ളങ്ങളോട് ഇടപെടുമാറാകട്ടെ. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *