​പ്രവാസ ജീവിതത്തിൽ വളരെ വേദനിച്ച ഒരു കൊച്ചു കുഞ്ഞിന്റെ കഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം മാധ്യമങ്ങളിലൂടെ ശ്രവിച്ചത്. ജനിപ്പിച്ച മാതാപിതാക്കളാലും പിന്നീട് വളർത്തുമാതാപിതാക്കളാലും ഉപേക്ഷിക്കപ്പെട്ട ഒരു കൊച്ചു പെൺകുട്ടി തന്റെ രോഗാവസ്ഥയോട് മല്ലിട്ട് ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞു എന്ന വാർത്ത വേദനയോടെയാണ് നാം അറിഞ്ഞത്. സ്വന്തം പെറ്റ അമ്മയും പോറ്റമ്മയും ഉപേക്ഷിച്ച കുഞ്ഞിനെ അവസാനം ഏറ്റെടുത്തു വളർത്തിയത് അന്യരാജ്യത്ത് നിന്ന് പ്രവാസിയായ ഒരു യുവാവും കുടുംബവുമാണ്.

​ആരെല്ലാം നമ്മെ അകറ്റി നിർത്തിയാലും ഉപേക്ഷിച്ചാലും ഒരിക്കലും നമ്മെ ഉപേക്ഷിക്കില്ലെന്ന് ലോകം നമ്മെ പഠിപ്പിക്കുന്ന വ്യക്തികളാണ് സ്വന്തം മാതാപിതാക്കൾ, എന്നാൽ അനേകം സംഭവങ്ങളിലൂടെ നാം ദിവസവും അറിഞ്ഞുകൊണ്ടിരിക്കുന്ന വാർത്തകൾ ലോകത്തിന്റെ ഈ വാദഗതികളിൽ നിന്ന് വ്യത്യസ്തമാണ്. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ കൊല്ലുവാൻ മടിക്കാത്ത മാതാവും പിതാവും, ദിവസേന ഉപേക്ഷിക്കപ്പെടുന്ന കുരുന്നു ജീവനുകൾ. ലോകവും അതിലെ മനുഷ്യത്വവും മരവിക്കുന്ന അനേക വാർത്തകൾ നമ്മെ ഓരോ സമയവും ചിന്തിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

​സങ്കീ: 27:10 “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു. എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” ലോകത്തിൽ നമുക്ക് നമ്മെ ഒരുനാളും കൈവിടില്ല എന്ന് വാക്കു നൽകിയ ഒരുവൻ മാത്രമേയുള്ളൂ. ആരെല്ലാം അകറ്റിനിർത്തിയാലും തള്ളിക്കളഞ്ഞാലും കൈവിടാതെ ചേർത്തുനിർത്തുന്ന അരുമനാഥൻ. ഞാൻ നിന്റെ ദൈവമാകുന്നു, ഈ ലോകാവസാനത്തോളം നമ്മോട് കൂടെയുണ്ട് എന്ന് നമുക്ക് വാക്കു നൽകിയവൻ അവൻ മാത്രമാണ്. പ്രതികൂലങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ വർദ്ധിച്ചു വരുമ്പോൾ ഇന്ന് കൂടെയുണ്ട് എന്ന് ഉറപ്പു വാഗ്ദത്തം നൽകുന്ന പലർക്കും അത് നിറവേറ്റുവാൻ സാധിച്ചെന്നു വരില്ല.

​ആവർത്തനം: 31:8 “യഹോവതന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കയുമരുത്.” ഈ നശ്വരലോകത്ത് ആരെല്ലാം നമ്മെ കൈവിട്ടാലും നമ്മെ ഉപേക്ഷിക്കാത്ത ആ നല്ല നാഥന്റെ പാദങ്ങളിൽ നമുക്ക് ആശ്രയിക്കാം. ആ മാർവ്വിൽ നമുക്ക് ചാരാം.

Leave a Reply

Your email address will not be published. Required fields are marked *