
മനുഷ്യശരീരത്തിലെ ഏറ്റവും മോശവും ഏറ്റവും നല്ലതുമാകാൻ ഒരേസമയം കഴിയുന്ന അവയവമാണ് നാവ്. ഏതൊരു മനുഷ്യനെയും വാക്കുകളാൽ മുറിവേൽപ്പിക്കുവാനും, അതേപോലെ തന്നെ ആ മുറിവ് കെട്ടുവാനും നാവിലൂടെ സാധിക്കും. ഒരു വ്യക്തിയുടെ വ്യക്തിത്വം പ്രധാനമായും അളക്കപ്പെടുന്നത് അവരിൽ നിന്ന് പുറത്തുവരുന്ന വാക്കുകളിലൂടെയാണ്. അനേകർ ഇത് മറ്റുള്ളവരെ കുറ്റം വിധിക്കുവാനും ദോഷം പറയുവാനും ഉപയോഗപ്പെടുത്തുമ്പോൾ, ചിലർക്ക് ആശ്വാസവും സമാധാനവും പകരുന്നതും ഇതേ നാവിൽ നിന്നുതിരുന്ന വാക്കുകളാണ്.
ശരീരത്തിൽ നാം ഏറ്റവും സൂക്ഷ്മതയോടെ പരിപാലിക്കേണ്ട അവയവമാണ് നാവ്. നമ്മുടെ വാക്കുകളാൽ മറ്റുള്ളവർക്കുണ്ടാകുന്ന മുറിവുകൾ, പിന്നീട് എത്ര ഏറ്റുപറഞ്ഞാലും പൂർണ്ണമായി മാഞ്ഞുപോകണമെന്നില്ല. നമ്മൾ സ്ഥിരമായി വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നത് ചിലപ്പോൾ മാതാപിതാക്കളെയാകാം, മക്കളെയാകാം, ജീവിതപങ്കാളിയെയോ സുഹൃത്തിനെയോ ഒക്കെയാകാം. അത് അവരിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. പെട്ടെന്നുണ്ടാകുന്ന പ്രകോപനമോ ദേഷ്യമോ ഒക്കെയാകാം നമ്മിൽ നിന്ന് അരുതാത്ത വാക്കുകൾ പുറപ്പെടുവിക്കുന്നത്. എന്നാൽ അത് സൃഷ്ടിക്കുന്ന അകൽച്ച പുറമെ നമുക്ക് പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.
സദൃശ്യവാക്യങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “നാവിന്റെ ശാന്തത ജീവവൃക്ഷം”, “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” സങ്കീർത്തനത്തിലും ഇപ്രകാരം പറയുന്നു: “ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക”. നാം വിചാരിച്ചാൽ അനേകർക്ക് സന്തോഷവും ആശ്വാസവും പകരുവാൻ സാധിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു അവയവമാണ് നാവ്. ഈ ഭൂമിയിലെ നമ്മുടെ ചുരുങ്ങിയ ജീവിതകാലം, അനേകർക്ക് മുള്ളുകളായി തീരാതെ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന സന്തോഷപ്രദമായ ഒരു പ്രയാണമാക്കി മാറ്റാൻ നമുക്ക് കഴിയണം.
നാവിൽ നിന്ന് ഓരോ വാക്കും പുറപ്പെടുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കുക; എന്റെ വായിൽ നിന്ന് വരുന്നത് ആരെയെങ്കിലും വേദനിപ്പിക്കുന്നതാണോ എന്ന്. അപ്രകാരം ചിന്തിക്കുവാൻ ഓരോരുത്തർക്കും സാധിച്ചാൽ സമൂഹത്തിലും കുടുംബത്തിലും സഭയിലും വ്യക്തിജീവിതങ്ങളിലും ഉണ്ടാകുന്ന അനേകം കലഹങ്ങളും പ്രശ്നങ്ങളും ഇല്ലാതാകും. കേവലം ഒരു വാക്കുതർക്കത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും കുടുംബബന്ധങ്ങളിലെ തകർച്ചകളും ഒഴിവാക്കാൻ നമുക്ക് സാധിക്കും. നമുക്ക് നൽകപ്പെട്ട ഈ അവയവത്തെ ശ്രദ്ധയോടെയും ദൈവഭയത്തോടെയും വിശുദ്ധിയോടെയും കാത്തുസൂക്ഷിക്കുവാനും, വാക്കുകളാൽ അനേകർക്ക് സമാധാനമേകുവാനും കർത്താവ് നമ്മെ സഹായിക്കുമാറാകട്ടെ.