പ്രവാസലോകം പ്രത്യേകിച്ച് മലയാളികൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഭീതിയുടെ അവസ്ഥയിലും, അടുത്ത നിമിഷം എന്തു സംഭവിക്കും എന്നറിയാത്ത ആശങ്കയിലും ഈ ദിവസങ്ങളിൽ ആയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധസമാനമായ ഈ സംഭവവികാസങ്ങളിൽ അനേക രാജ്യങ്ങൾ, ഭരണകൂടങ്ങൾ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ്.

യുദ്ധം ആരംഭിച്ച ഇറാനിലും ഇസ്രായേലിലും കൂടാതെ അതിൻറെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും അനേക ഇന്ത്യൻ പൗരന്മാർ ഭയപ്പാടോടെ കഴിഞ്ഞു കൂടുന്നു. മനുഷ്യജീവൻ അത് ഏത് രാജ്യമായാലും, ഏതു മതമായാലും, ഏതു ജാതി ആയാലും അത് വിലയേറിയതാണ്. യുദ്ധങ്ങൾ ഒരിക്കലും ലോകത്ത് സമാധാനം വിതച്ചിട്ടില്ല, അത് എല്ലായ്പ്പോഴും നഷ്ടങ്ങളും; അനേക കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും കണ്ണീരും മാത്രമാണ് അവശേഷിപ്പിക്കാറുള്ളത്. ഇന്നുവരെ ഉണ്ടായിരുന്ന എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ നമുക്ക് ചിന്തിക്കുന്നതിലും വളരെ അപ്പുറമുള്ളതാണ്.

ഈ വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇടപെട്ടേ മതിയാകു. യുദ്ധം ഒന്നിനും പരിഹാരമല്ല എന്നുള്ളത് നമുക്ക് മുന്നിലുള്ള അനേക ഭൂതകാല സംഭവവികാസങ്ങളിൽ നിന്നും നമുക്ക് വ്യക്തമായി അറിയാവുന്നതാണ്. ദൈവമക്കളായ നമുക്ക് ചെയ്യുവാൻ സാധിക്കുന്നത് ലോകസമാധാനത്തിനായി പ്രാർത്ഥിക്കുക എന്നുള്ളതാണ്. ഒരോ മനുഷ്യജീവനും ദൈവസന്നിധിയിൽ വിലയേറിയതാണ്.

ദൈവം നമ്മോട് ഇപ്രകാരം വാഗ്ദത്തം ചെയ്തിരിക്കുന്നു “ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ” സങ്കീ:68:20. ഈ സാഹചര്യങ്ങളിൽ ദൈവം നമ്മെ കരുതട്ടെ, നീക്കുപോക്കുകൾ അവനാൽ മാത്രമാണ്. അവൻ നമ്മെ ഉദ്ധരിക്കുന്ന ദൈവമാകുന്നു. ദൈവത്താൽ അസാധ്യമായത് ഒന്നുമില്ല. ഉള്ളങ്ങളോട് ദൈവം ഇടപെടുമാറാകട്ടെ. ലോകസമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കപ്പെടുവാൻ നമുക്ക് ചേർന്ന് പ്രാർത്ഥിക്കാം. അതിനായി ദൈവം നമ്മളെ ബലപ്പെടുത്തുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *