
കേരളത്തിലെ സഭാചരിത്രം വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. കേവലം അധികാര വടംവലിയിൽ തുടങ്ങി, അത് വലിയൊരു പിളർപ്പിലേക്ക് അതിവേഗം കുതിക്കുകയാണ്. ദീർഘമായ ചരിത്രവും പാരമ്പര്യവുമുള്ള ഇത്തരം പ്രസ്ഥാനങ്ങളിലെ കലഹങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ നമ്മെ അപഹാസ്യരാക്കി മാറ്റുന്നു. പ്രസംഗവേദികളിൽ നിർലോഭം ക്ഷമയെക്കുറിച്ചും യേശുവിന്റെ ജീവിതമാതൃകയെക്കുറിച്ചും ഘോരാഘോരം സംസാരിക്കുകയും, തങ്ങൾ വലിയ ആത്മീയരാണെന്ന് ഭാവിക്കുകയും ചെയ്യുന്നവർ തന്നെ ഇത്തരം കലഹങ്ങൾക്ക് നേതൃത്വവും പ്രോത്സാഹനവും നൽകുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു. ഇത് വിശ്വാസസമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതവും ശൂന്യതയും മറികടക്കുക എന്നത് അതീവ പ്രയാസകരമായിരിക്കും.
ഇത്തരം സഭാതർക്കങ്ങളെക്കാൾ വിശ്വാസ സമൂഹം ജാഗ്രത പുലർത്തേണ്ടതും കരുതലെടുക്കേണ്ടതുമായ മറ്റൊരു വസ്തുതയുണ്ട്; ദൈവാത്മാവിൽ നിന്നല്ലാത്ത വചനവ്യാഖ്യാനങ്ങളും അതിനൂതനമായ ശുശ്രൂഷാ ഉപായങ്ങളുമാണവ. പല ആധുനിക സഭകൾക്കും ആത്മാവിന്റെ വിടുതലിനേക്കാൾ ഇന്ന് പ്രിയം ആളുകളുടെ ബാഹുല്യവും, രാഷ്ട്രീയ പിന്തുണയും, സമൂഹത്തിലെ പ്രശംസയുമാണ്.
പ്രവചന ശുശ്രൂഷകൾ ഇന്ന് പല തലങ്ങളും കടന്ന്, അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചന നിവർത്തിയിലേക്ക് അതിവേഗം നീങ്ങുകയാണ്. പല വചന വ്യാഖ്യാനങ്ങളും ക്രൂസേഡ് പ്രസംഗങ്ങളും ഇന്ന് ഭൗതിക നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നവയായി മാറിക്കൊണ്ടിരിക്കുന്നു.
“ഇന്ന് കർത്താവ് വന്നാൽ ഒരുക്കത്തോടെ കൂടെയുണ്ടാകുമോ?” എന്ന് നമ്മെ സ്വയം വിലയിരുത്തുന്ന പ്രസംഗങ്ങൾ തീർത്തും അന്യം നിന്നുപോയിരിക്കുന്നു; അല്ലെങ്കിൽ അത്തരം പ്രസംഗങ്ങൾ കേൾക്കാൻ ഇന്ന് ശ്രോതാക്കളില്ലാതെയായിരിക്കുന്നു.
ഇനിയൊരു മടങ്ങിവരവ് ഉണ്ടായേ മതിയാകൂ. ഇല്ലായെങ്കിൽ ഇരുവായ്ത്തലയുള്ള വാളിന് ഉടയവനായവൻ നമ്മെ സന്ദർശിക്കുന്ന നാൾ വിദൂരമല്ല. അവന്റെ വരവിൽ നാം കൈവിടപ്പെട്ടുപോയാൽ, ഈ ഭൂമിയിൽ നമ്മൾ ഓടിയതും അധ്വാനിച്ചതുമെല്ലാം വ്യർത്ഥമായിത്തീരും.
തള്ളപ്പെട്ടു പോകാതിരിക്കാൻ നാമും നമ്മുടെ പിതാക്കന്മാരും തലമുറകളും ദൈവത്തിങ്കലേക്ക് തിരിഞ്ഞേ മതിയാകൂ. എന്നാൽ, അത്തരമൊരു മടങ്ങിവരവോ ഉണർവോ സംഭവിക്കാത്തവണ്ണം അനേകരുടെ ഉള്ളങ്ങൾ ഇന്ന് കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ജനത്തെ കേവലം വൈകാരികമായി ഇളക്കിമറിക്കുന്ന വചനപരമ്പരകൾ തുടർന്നു കൊണ്ടേയിരിക്കുന്നു. നമുക്ക് തെറ്റുകൾ ഏറ്റുപറഞ്ഞ് മടങ്ങിവരാം; നമ്മുടെ ആത്മീയ ഓട്ടം നഷ്ടമായിക്കൂടാ. അതിനായി കർത്താവ് നമ്മെ ബലപ്പെടുത്തുമാറാകട്ടെ.