
ഇന്ത്യ മഹാരാജ്യത്തിലെ വിവിധ സംസ്ഥാനങ്ങൾ, ജനാധിപത്യത്തിന്റെ ഏറ്റവും മഹത്തായ പ്രക്രിയയായ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ച ദിവസങ്ങളിലൂടെയാണ് നാം കടന്നുപോയത്. കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവരികയുണ്ടായി.
എന്നാൽ പലയിടത്തും ആരായിരിക്കണം ഭരിക്കേണ്ടത് എന്ന തർക്കം അതിന്റെ എല്ലാ അർത്ഥത്തിലും നടമാടുന്നു. തോൽവിയെ അംഗീകരിക്കാൻ തയ്യാറാകാത്തവർ, ജയിച്ചിട്ടും അധികാരം ഏൽക്കാനാകാതെ പരസ്പരം തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ—ഇവരെയൊക്കെ ഈ ദിവസങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടിയുള്ള ഈ പോരാട്ടം മനുഷ്യൻ ഉണ്ടായ കാലം മുതൽ നിലനിൽക്കുന്ന യാഥാർത്ഥ്യമാണ്.
തന്റെ ഭരണം ദാവീദിന് ലഭിക്കുമോ എന്ന് ഭയപ്പെട്ടിരുന്ന ശൗലും, ശിഷ്യന്മാരിൽ ആരാണ് വലിയവൻ എന്ന് തർക്കിച്ചവരും ഈ ചിന്താഗതിക്കുള്ള വേദപുസ്തക ഉദാഹരണങ്ങളിൽ ചിലത് മാത്രമാണ്. ഇന്നത്തെ ക്രിസ്തീയ ലോകത്തും അധികാരത്തിന് വേണ്ടിയുള്ള തർക്കങ്ങളും ക്രിസ്തുവിനെ പോലും മറന്നുള്ള പ്രവർത്തികളും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന രീതിയിൽ വർദ്ധിച്ചുവരുന്നു.
എന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ലഭിച്ച ക്രിസ്തുവാണ് നമ്മുടെ മാതൃക. മാനവകുലത്തിന്റെ രക്ഷയ്ക്കായി തനിക്ക് ലഭിച്ച സകല അധികാരവും വിട്ടൊഴിഞ്ഞ്, വെറുമൊരു മനുഷ്യനായി ഈ താണ ലോകത്തിലേക്ക് ഇറങ്ങിവന്ന്, തന്റെ ജീവനെ തന്നെ നമുക്കായി മറുവിലയായി കൊടുത്തവനാണ് നമ്മുടെ അരുമനാഥൻ. ദൈവമക്കളായ നമുക്ക് നൽകപ്പെട്ടിരിക്കുന്ന അധികാരങ്ങൾ വ്യത്യസ്തമാണ്. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും, സകലവിധ ദീനവും വ്യാധിയും സുഖപ്പെടുത്തുവാനും, വചനത്തിലൂടെ ശത്രുവിന്റെ സകല ബലത്തെയും തകർക്കുവാനുമുള്ള അധികാരമാണ് നമുക്ക് നൽകപ്പെട്ടിരിക്കുന്നത്.
ലോകത്തിലെ ക്ഷണികമായ അധികാരങ്ങൾക്ക് പുറകെ ഭ്രമിക്കാതെ, ക്രിസ്തു നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ആത്മീയ അധികാരങ്ങൾ പ്രാപിച്ച്, അവന്റെ വരവിനായി അനേകരെ ഒരുക്കുവാനും ആശ്വാസമായിത്തീരുവാനും ദൈവം നമ്മെ ബലപ്പെടുത്തുമാറാകട്ടെ.