​ഈ കാലഘട്ടം വളരെ വ്യത്യസ്തമായ ഒരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. കുടുംബങ്ങളിലും സമൂഹത്തിലും അയൽവക്ക ബന്ധങ്ങളിലും ഉള്ള അകൽച്ച നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ഒരേ മുറിയിൽ ഉണ്ടായിട്ടും പരസ്പരം യാതൊരു ആശയവിനിമയവുമില്ലാത്ത ഭാര്യഭർത്താക്കന്മാർ, സഹോദരങ്ങൾ. അയൽപക്കങ്ങളെക്കുറിച്ചോ ഒരുമിച്ചിരുന്ന് ആരാധിക്കുന്ന സഹവിശ്വാസികളെക്കുറിച്ചോ അറിയാനോ, അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കാനോ ആണ് ഇന്ന് പലർക്കും താല്പര്യം.

​തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഊളിയിട്ട് സഞ്ചരിക്കുന്ന നമുക്ക്, ബന്ധങ്ങളുടെ കാര്യത്തിൽ പലപ്പോഴും വലിയ തെറ്റുകൾ സംഭവിച്ചുപോകുന്നു. കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്കുള്ള പറിച്ച് നടൽ, നമ്മുടെ ബന്ധങ്ങളിൽ ഉണ്ടാക്കിയ വിള്ളലുകൾ ഇനി ഒരിക്കലും നികത്തുവാൻ സാധിക്കാത്ത വിധം ആഴമുള്ളതാണ്.

​ക്രിസ്തു നമ്മെ പഠിപ്പിച്ചത് സ്നേഹിക്കുവാനാണ്. അവിടുത്തെ ജീവിതവും മരണവും, വീണ്ടും വരുമെന്നുള്ള അന്ത്യവാഗ്ദത്തം പോലും നമ്മോടുള്ള അഗാധമായ സ്നേഹത്തിന്റെ ആകെത്തുകയാണ്. എല്ലാ ന്യായപ്രമാണ കല്പനകളെയും സ്നേഹം എന്ന ഒരൊറ്റ വാക്കിലേക്ക് ചുരുക്കിയവനാണ് നമ്മുടെ പ്രാണനാഥൻ. ആ അരുമനാഥന്റെ തിരുവായ്മൊഴികളെല്ലാം മനുഷ്യനെ പരസ്പരവും, മനുഷ്യനെ സ്വർഗ്ഗവുമായും ഉള്ള അഭേദ്യമായ ബന്ധങ്ങളിലേക്ക് നയിക്കുന്നതായിരുന്നു. നമുക്ക് ചുറ്റുമുള്ളവരെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാൻ സാധിക്കുന്നവർക്ക് മാത്രമേ സ്വർഗ്ഗത്തെയും ദൈവത്തെയും സ്നേഹിക്കാൻ സാധിക്കുകയുള്ളൂ.

​അരികിലുള്ളവരെ അടുത്തറിയുവാൻ നമുക്ക് ഏറ്റവും ആവശ്യമായി വേണ്ട മറ്റൊരു ഗുണമാണ് ക്ഷമ. പരസ്പരം എപ്പോഴും ക്ഷമിക്കുവാൻ കഴിയുന്നവർക്ക് സ്നേഹിക്കുവാൻ മറ്റു കാരണങ്ങൾ തേടേണ്ടി വരില്ല. കുടുംബബന്ധങ്ങളിലായാലും വ്യക്തിബന്ധങ്ങളിലായാലും മുൻവിധികൾ കൂടാതെ പരസ്പരം ക്ഷമ ചോദിക്കാനും ക്ഷമിക്കാനും കഴിഞ്ഞാൽ, അത് ബന്ധങ്ങളിൽ ഉണ്ടാക്കുന്ന ഇണക്കങ്ങൾ വളരെ വലുതാണ്.
​നമ്മെ ആത്മീയമായി നയിക്കുന്നവരോടോ കൂട്ടുവിശ്വാസികളോടോ നാം വെച്ചുപുലർത്തുന്ന വിദ്വേഷവും പിണക്കവും കേവലം ഒരു ‘ക്ഷമ’യിലൂടെ പരിഹരിക്കാൻ സാധിച്ചാൽ, ആത്മീയ ലോകത്തിലെ വലിയൊരു അധഃപതനത്തിന് അത് അറുതി വരുത്തും. പ്രസംഗിക്കുന്നതുപോലെ ജീവിച്ചു കാണിക്കുവാൻ കഴിയാത്ത ആത്മീയ നേതാക്കന്മാർക്കും ഇത് ബാധകമാണ്.

​ഒരു മാറ്റം ഇവിടെ അനിവാര്യമാണ്. ക്രിസ്തു പകർന്നുതന്ന സ്നേഹവും ക്ഷമയും നമ്മുടെ അനുദിന ജീവിതത്തിൽ അന്വർത്ഥമാക്കാൻ നമുക്ക് സാധിക്കട്ടെ. അതിലൂടെ നമുക്ക് ചുറ്റുമുള്ളവരെ അടുത്തറിയാനും അവരുടെ ആവശ്യങ്ങളിൽ പങ്കുചേരാനും ദൈവം നമ്മെ ധാരാളമായി സഹായിക്കുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *