കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഈ ദിവസങ്ങളിൽ പൊതു തിരഞ്ഞെടുപ്പിന്റെ ചൂടിലൂടെ കടന്നുപോകുകയാണ്. വോട്ടുകൾ മുഴുവൻ രേഖപ്പെടുത്തി കഴിഞ്ഞാൽ രാഷ്ട്രീയ നേതൃത്വങ്ങളും സ്ഥാനാർത്ഥികളും കണക്കുകൂട്ടലിന്റെയും കിഴിക്കലിന്റെയും നാളുകളിലൂടെ ആവും വരും ദിവസങ്ങളിൽ കടന്നുപോകുന്നത്.

തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതു വരെ എല്ലാവർക്കും ഇതൊരു കാത്തിരിപ്പിന്റെ കാലമാണ്. ഫലം വരുമ്പോൾ ആരു വിജയിക്കും ആരു പരാജയപ്പെടും എന്നുള്ളത് പലപ്പോഴും പ്രവചനങ്ങൾക്കു അതീതമാണ്. ഈ കാത്തിരിപ്പ് തന്നെയാണ് നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത്. പല ജീവിത വിഷയങ്ങളിലും നമുക്ക് ഒരു കാത്തിരിപ്പിന്റെ കാലം ഉണ്ടായേക്കാം.

ഈ കാലഘട്ടം ചിലരുടെ ജീവിതങ്ങളിൽ നിമിഷങ്ങളോ ദിവസങ്ങളോ മാസങ്ങളോ ആയെന്നു വരാം എന്നാൽ കുറേയധികം പേർക്ക് ഇവ വർഷങ്ങളുടെ കാത്തിരിപ്പായി പരിണമിച്ചേക്കാം. ജോസഫിന്റെ ജീവിതത്തിലെ കാത്തിരിപ്പ് അനേക വർഷങ്ങളുടേതായിരുന്നു. എന്നാൽ യോനായുടെ കാത്തിരിപ്പ് വ്യത്യസ്തമായിരുന്നു.

ദൈവവചനത്തിൽ ആരെല്ലാം കാത്തിരിക്കാൻ തയ്യാറായോ അവരുടെ എല്ലാം ജീവിതത്തിൽ ചിലത് പ്രാപിക്കുവാൻ പിന്നത്തേതിൽ അവർക്ക് സാധിച്ചു. യിസ്രായേൽ ജനം ദൈവം അരുളിചെയ്തതു പോലെ ഏഴു ദിവസം കാത്തിരിക്കാൻ തയ്യാറായപ്പോൾ വൻകാര്യങ്ങളാണ് ശത്രുക്കളുടെ മുൻപാകെ ദൈവം അവർക്കായി പ്രവർത്തിച്ചത്.

നമ്മുടെ പ്രാർത്ഥനാ വിഷയങ്ങളിൽ, പ്രതികൂലങ്ങളിൽ, ലഭിച്ച ദർശനങ്ങളിൽ, അനേകരിലൂടെ കേട്ട വാഗ്ദത്ത വചനങ്ങളുടെ നിവൃത്തിക്കായി നാം പലപ്പോഴും കാത്തിരിക്കേണ്ടി വന്നേക്കാം. “ദർശനത്തിന് ഒരു അവധി വച്ചിരിക്കുന്നു, അത് വൈകിയാലും അതിനായി കാത്തിരിക്കുക”. വേദപുസ്തകത്തിലെ വിശ്വാസവീരന്മാരെ പോലെ കാത്തിരിക്കാൻ നാം ഒരുക്കമാണെങ്കിൽ നമുക്ക് വേണ്ടി അവൻ വലിയവ പ്രവർത്തിക്കും. പ്രവർത്തിക്കായുള്ള കാത്തിരിപ്പിന്റെ കാലഘട്ടം വിശ്വാസത്തിൽ മടുക്കാതെ എരിവുള്ളവരായിരിപ്പാൻ കർത്താവ് നമ്മെ ഓരോരുത്തരെയും ബലപ്പെടുത്തുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *