
യേശുക്രിസ്തു തന്റെ തിരുവായ്മൊഴികളിൽ ഇപ്രകാരം പറഞ്ഞു: “ശിഷ്യൻ എന്ന് വെച്ചു ഈ ചെറിയവരിൽ ഒരുത്തന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിക്കാൻ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകയില്ല എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു.” (മത്തായി 10:42)
തനിക്ക് വിശപ്പിനായ് കരുതിയ അഞ്ച് അപ്പവും രണ്ട് മീനും ക്രിസ്തുവിന്റെ കരങ്ങളിലേക്ക് ഏൽപ്പിച്ച ബാലൻ കണ്ടത് അവിടെ കൂടിവന്ന അയ്യായിരം പുരുഷന്മാർ ഭക്ഷിച്ചു ബലം പ്രാപിക്കുന്നതും ശേഷിച്ചത് പന്ത്രണ്ട് കൊട്ട നിറച്ചെടുക്കുന്നതുമാണ്. “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും.” (ലൂക്കോസ് 6:38)
നമ്മുടെ ജീവിതത്തിൽ എപ്പോഴും ലഭിക്കുവാനും പ്രാപിക്കുവാനുമാണ് ആഗ്രഹിക്കുന്നവരാണ് നമ്മൾ. അത് ആത്മീയ നന്മകളായാലും ഭൗതിക നേട്ടങ്ങളായാലും. എന്നാൽ കൊടുക്കുവാൻ പലപ്പോഴും നമ്മൾ മടികാണിക്കുന്നു. ലഭിക്കുന്ന നന്മകളുടെ ഓഹരിയോ ക്രിസ്തുവിനായി നമ്മുടെ വിലപ്പെട്ടത് എന്ന് നാം കരുതുന്ന സമയമോ സാവകാശമോ ആകട്ടെ. അനുദിന വിശ്വാസ ജീവിതത്തിൽ നാം നേരിടേണ്ടി വരുന്ന പ്രതികൂലങ്ങളിലും പ്രതിസന്ധികളിലും നാം നമ്മെ തന്നെ ക്രിസ്തുവിനായി നൽകിക്കൊടുത്താൽ മതിയാകും.
നമുക്ക് ഈ ലോകത്തിൽ ഉള്ള ഈ ക്ഷണിക ജീവിതത്തിൽ പലപ്പോഴും അവനായി ചിലത് മാറ്റിവെക്കുവാൻ നമ്മുടെ ജീവിത സാഹചര്യങ്ങൾ നമ്മെ അനുവദിക്കാറില്ല. എന്നാൽ ആ ബാലനെപ്പോലെ, അല്ലെങ്കിൽ അവന്റെ പാദപീഠത്തിങ്കൽ ഇരുന്ന് പ്രാപിക്കുവാൻ ആഗ്രഹിച്ച മറിയയെപ്പോലെ നമുക്ക് ഉള്ള ചിലത് അത് സമയമാകാം, സാമ്പത്തികമാകാം, അദ്ധ്വാനമാകാം, പ്രാർത്ഥനയാകാം, സുവിശേഷീകരണമാകാം, താലന്തുകളാകാം അവ ക്രിസ്തുവിന്റെ മുന്നിൽ സമർപ്പിക്കുവാൻ നാം തയ്യാറായാൽ അവയിലൂടെ വലിയവ പ്രവർത്തിക്കുവാൻ അവൻ ശക്തനാണ്.
ക്രിസ്തുവിന്റെ ധീരയോദ്ധാക്കളായി ഈ പടക്കളത്തിൽ നാം ആയിരിക്കുമ്പോൾ നാം അവനായി കൊടുക്കുന്ന യാതൊന്നും വൃഥാവിലായി പോകുകയില്ല. അത് മുപ്പതും അറുപതും നൂറും ഇരട്ടിയായി നമ്മിലേക്കും നമ്മുടെ തലമുറകളിലേക്കും അവൻ നിറച്ചു കുലുക്കി പകർന്നു തരും. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.