
അവധിദിനങ്ങൾ സന്തോഷത്തോടെ കഴിച്ചുകൂട്ടാൻ കുടുംബങ്ങളുമായി ഒരുമിച്ച് കടന്നുപോയ ഒരു കൂട്ടം അധ്യാപകരുടെ വേർപാടിന്റെ ദുഃഖത്തിലാണ് അനേകം കുടുംബങ്ങളും ആ നാടും. മതത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ ഒരുമിച്ച് കടന്നുപോയ പ്രിയപ്പെട്ടവരുടെ വേർപാട് നമ്മുടെ ഹൃദയങ്ങളെ പിടിച്ചുലയ്ക്കുന്നതാണ്.
ലോകജീവിതം തീർത്തും ക്ഷണികമാണ്. നാളെ എന്തെന്ന് അറിയുന്ന ഒരു മനുഷ്യജീവൻ പോലും ഈ ഉലകത്തിൽ ഇല്ല. ഉള്ളിലേക്ക് എടുക്കുന്ന ശ്വാസം തിരിച്ച് പുറത്തേക്ക് വിടുവാൻ കഴിഞ്ഞില്ലെങ്കിൽ നാം പിന്നെ ഒന്നുമല്ല എന്നറിഞ്ഞിട്ടും, അത് ഉൾക്കൊള്ളാതെ പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് വേദനാജനകമാണ്. നാം കാണിക്കുന്ന അഹങ്കാരവും, ‘ഞാൻ’ എന്ന ഭാവവും, പരസ്പരം ക്ഷമിക്കാനും സഹിക്കാനും കഴിയാതെ തമ്മിൽ തല്ലി കലഹിച്ച് അതിന്റെ പേരിൽ ഒരു ജീവൻ പോലും എടുക്കുവാൻ മനുഷ്യന് യാതൊരു മടിയുമില്ല. സമ്പത്തിന്റെയും അധികാരത്തിന്റെയും ശ്രേഷ്ഠതയിൽ നാം ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകൾക്ക് പലപ്പോഴും ഒരു പരിധിയുമില്ല. ഒരു ഞൊടിയിൽ അവസാനിക്കുന്ന കേവല ജീവിതം ഇങ്ങനെ പ്രയോജനമില്ലാതെ നഷ്ടപ്പെടുത്തിക്കളയേണ്ടതല്ല.
നമ്മുടെ അരുമനാഥനായവൻ നമുക്കായി തന്റെ രക്തം കാൽവരിയിൽ ഒഴുക്കിയത് നാം ഇങ്ങനെ ആയിത്തീരുവാനായിരുന്നില്ല. സ്വർഗ്ഗമഹിമകളെ വിട്ട് ഈ ഭൂമിയിലേക്ക് ഇറങ്ങിവന്ന, സാക്ഷാൽ നമ്മുടെ പാപങ്ങളെ വഹിച്ചവൻ നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് ഒരു കൊച്ചു സുന്ദരമായ പൂമ്പാറ്റയെപ്പോലെ നമ്മുടെ ഈ ക്ഷണിക ജീവിതത്തിൽ നമ്മുടെ ചുറ്റുമുള്ളവരിൽ, സമൂഹത്തിൽ, സഭയിൽ സന്തോഷം പകരുക എന്നുള്ളതാണ്. ഇന്ന് നാം കാണിക്കുന്ന ധാർഷ്ട്യവും പകയും ഒന്നും സ്വർഗ്ഗീയ പിതാവ് നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതല്ല.
രാവിലെ തഴച്ചുവരുന്നതും വൈകുന്നേരം അരിഞ്ഞു വാടിപ്പോകുന്നതുമായ ഈ കൊച്ചു ജീവിതംകൊണ്ട് ചുറ്റുമുള്ളവരിൽ സൗരഭ്യം വിളമ്പി, അവരിൽ നിങ്ങളിലൂടെ ക്രൂശിതന്റെ ഭാവം വെളിവാക്കുന്നവാൻ നമുക്ക് സാധിക്കട്ടെ. നമ്മുടെ ജീവിതവും പെരുമാറ്റവും സംസാരവും സുവിശേഷമാണ്. അത് മറ്റുള്ളവരിൽ ക്രിസ്തുവിനെ പ്രകാശിപ്പിക്കും. അനേകർക്ക് മാതൃകയായി ക്രിസ്തുവിന്റെ ഒരു ധീര യോദ്ധാവായി ഈ ക്ഷണിക ജീവിതം ഓടിത്തീർക്കുവാനും അനേകരിലേക്ക് ആത്മാവിനെ പകരുന്ന ഒരു തിരിനാളമായി തീരുവാനും ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.