
കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ കണ്ട രണ്ട് വാർത്തകൾ മനസ്സിൽ വലിയ വേദനയും ചിന്തകളും സമ്മാനിച്ചു. നോർത്ത് ഇന്ത്യയിൽ നിന്നും കേരളത്തിൽ മോഡലിംഗ് ജോലിക്കായി എത്തിയ ഒരു യുവാവ്, ഭംഗിയുള്ളതും എന്നാൽ അത്രതന്നെ അപകടം നിറഞ്ഞതുമായ ഒരു കരിങ്കൽ ക്വാറിയിൽ ഇറങ്ങി മരണപ്പെട്ടതാണ് ആദ്യത്തേത്. കേവലം പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളൊരു ചെറുപ്പക്കാരൻ ബൈക്കപകടത്തിൽ ജീവൻ പൊലിഞ്ഞതാണ് രണ്ടാമത്തെ വാർത്ത.
അല്പം ശ്രദ്ധയോ, അല്ലെങ്കിൽ ആ സാഹചര്യത്തെക്കുറിച്ചുള്ള ചെറിയൊരു ഭയമോ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളായിരുന്നു ഇവ രണ്ടും. നമ്മുടെ റോഡുകളിലും ജലാശയങ്ങളിലും നിത്യേനയെന്നോണം പൊലിയുന്ന ജീവനുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും—ഈ മരണങ്ങളിൽ ഭൂരിഭാഗവും വിവേകമില്ലാത്ത തീരുമാനങ്ങളുടെയോ, അപകടകരമായ സാഹസികതകളുടെയോ ആകെത്തുകയാണ്. അറിവില്ലായ്മ കൊണ്ടോ, അതല്ലെങ്കിൽ ‘എനിക്ക് ഒന്നും സംഭവിക്കില്ല’ എന്ന അമിത ആഹങ്കാരം കൊണ്ടോ ആണ് പലരും ഇത്തരം കെണികളിൽ വീഴുന്നത്. തങ്ങളെ വിശ്വസിച്ച് ജീവിക്കുന്നവർക്ക് ഇവർ സമ്മാനിക്കുന്നത് ആയുഷ്കാലം മുഴുവൻ നീളുന്ന നോവാണ്. ഇത്തരം ദുരന്തങ്ങൾ ചുറ്റും നിരന്തരം കണ്ടിട്ടും കേട്ടിട്ടും, ഒട്ടും ഭയമില്ലാതെ മനുഷ്യർ വീണ്ടും അതേ തെറ്റുകൾ ആവർത്തിക്കുന്നു എന്നത് ഖേദകരമാണ്.
ഈ ആധുനിക സമൂഹത്തിൽ ജീവിക്കുമ്പോൾ, അപകടങ്ങളെക്കുറിച്ച് ‘അല്പം ഭയം’ മനസ്സിൽ സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണെന്ന് തോന്നിപ്പോകാറുണ്ട്. എന്നാൽ ഒന്നിനെയും ഭയപ്പെടാത്ത ഇന്നത്തെ യുവതലമുറ, പലപ്പോഴും തങ്ങളുടെ വിലപ്പെട്ട ജീവിതം വളരെ നിസ്സാരമായിട്ടാണ് കളയുന്നത്.
ഒരു ആയുഷ്കാലം മുഴുവൻ വലിയ പ്രതീക്ഷകളോടെ തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണീരിനെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചാൽ, യുവജനങ്ങൾക്ക് ഇത്തരം അപകടകരമായ പ്രവർത്തികളിൽ നിന്ന് സ്വയം പിന്മാറാൻ സാധിക്കും.
ദൈവഭയമുള്ള ഒരു ജീവിതരീതി മനുഷ്യനിൽ വിവേകപൂർവ്വമായ ചിന്തകൾ വളർത്താൻ സഹായിക്കും. നമ്മുടെ നാളെയെക്കുറിച്ച് നമുക്ക് യാതൊരു ഉറപ്പുമില്ല, എങ്കിൽപ്പോലും സ്വയം അപകടങ്ങൾ വരുത്തിവെക്കാതിരിക്കാൻ ഈ ബോധം നമ്മെ പ്രാപ്തരാക്കും.
നമുക്ക് ചുറ്റും ഓരോ നിമിഷവും അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അവയെ തിരിച്ചറിയാനുള്ള വിവേകവും, ആപത്തുകളിൽ നിന്ന് സ്വയം മാറിനിൽക്കാനുള്ള ശ്രദ്ധയും നമുക്കുണ്ടാകട്ടെ. എല്ലാ തിന്മകളിൽ നിന്നും അപകടങ്ങളിൽ നിന്നും സർവ്വശക്തൻ നമ്മെ കാത്തുപരിപാലിക്കട്ടെ.