
ലോകത്താകമാനം പ്രത്യേകിച്ച് കേരളക്കര ഒന്നാകെ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് കുടുംബ ബന്ധങ്ങളിലെ തകർച്ചയും അതിന്റെ ആഘാതത്തിൽ സംഭവിക്കുന്ന ക്രൂരമായ കൊലപാതകങ്ങളും ആത്മഹത്യകളും. ഏതൊരു ദിവസവും ഇന്നാരംഭിക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ഇത്തരം വാർത്തകളിലൂടെ ആണ്.
മലയാളി സമൂഹം ചർച്ച ചെയ്ത ഇത്തരം അനേകം ക്രൂരസംഭവങ്ങൾക്ക് സാക്ഷികളാണ് നാം ഓരോരുത്തരും. അനാഥരാക്കപ്പെടുന്ന അനേകം കുരുന്ന ജീവനുകളും ബാല്യങ്ങളും എന്നാളും നമ്മുടെയെല്ലാം മനസ്സുകളെ പിടിച്ചുലയ്ക്കുന്നതാണ്. ഒരു നിമിഷത്തെ കോപം അല്ലെങ്കിൽ നിരാശ പലരുടെയും ജീവിതവും ഭാവിയും ഇല്ലാതെ ആക്കിത്തീർക്കുന്നു. ഇന്ന് ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിന് ഒരളവ് വരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും അതിനോടൊപ്പമോ അതിനേക്കാൾ ഏറെയോ സോഷ്യൽ മീഡിയയുടെ അമിതോപയോഗവുമാണ്. ആർക്കെതിരെയും ആർക്ക് വേണ്ടിയും എന്തും പറയാം, എഴുതാം എന്നുള്ള അവസ്ഥ നമ്മുടെ സാമൂഹിക ജീവിതത്തിൽ സൃഷ്ടിക്കുന്നത് നിസ്സാരമല്ലാത്ത വിപത്താണ്.
വ്യക്തി ജീവിതങ്ങളിലെ നിരാശകളോ ഒറ്റപ്പെടലുകളോ പലപ്പോഴും തുറന്നുപറയാൻ ആവാത്ത അങ്ങനെ ചിലത് പങ്കുവെക്കാൻ മുൻപ് ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇല്ലാതെയാണ് ഇന്ന് മനുഷ്യർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ മാനസിക സംഘർഷങ്ങൾ ഒരു ബലൂൺ കണക്കെ വീർത്തുകെട്ടി ഒരു നിമിഷത്തിലെ അശ്രദ്ധയാൽ പൊട്ടിപ്പോകുമ്പോൾ ഉണ്ടാകുന്നതാണ് ഇത്തരം മനസ്സിനെ മരവിപ്പിക്കുന്ന ചെയ്തികൾ.
വേദപുസ്തകത്തിൽ നമുക്ക് ഇത്തരം അനേക സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് കാണുവാൻ സാധിക്കും. എന്നാൽ അതേ വിശുദ്ധഗ്രന്ഥം നമുക്ക് പകർന്നു തരുന്ന, യേശുവിലൂടെയുള്ള സമാധാനം നമ്മുടെ വ്യക്തി ജീവിതങ്ങളെയും കുടുംബജീവിതങ്ങളെയും മാതൃകയായി നിലനിർത്തുവാൻ പര്യാപ്തമാണ്. നമ്മുടെ ചുറ്റുമുള്ളവരെ മാതൃക ആക്കിയാൽ നമുക്ക് നിത്യജീവൻ പ്രാപിക്കുവാൻ സാധിക്കുകയില്ല. യേശുവിനെ നോക്കി, ആ ജീവിതത്തെ മാതൃകയാക്കി നാം മുന്നോട്ട് പോകുന്നുവെങ്കിൽ അനേകർക്ക് മുന്നിൽ ഒരു മാതൃകയായ കുടുംബ ജീവിതവും വ്യക്തിജീവിതവും കെട്ടിപ്പടുക്കുവാൻ ദൈവം നമ്മെ സഹായിക്കും. നമ്മിലൂടെ അനേകർ ക്രിസ്തുവിന് ദർശിക്കട്ടെ.