
മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന ഒരു ദാരുണ സംഭവം നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. ഒരു യുവാവും മാതാപിതാക്കളും ഉൾപ്പെടെ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. തുടക്കത്തിലെ റിപ്പോർട്ടുകളിൽ വിലകൂടിയ iPhone വാങ്ങിയതും അതിന്റെ EMI അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രധാന കാരണമെന്ന് പറയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പോലീസിന്റെ അന്വേഷണത്തിൽ കുടുംബത്തിനുള്ളിലെ മറ്റു സംഘർഷങ്ങളും ഈ ദുരന്തത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.
അതുകൊണ്ട് ഈ സംഭവത്തെ വെറും “iPhone കാരണം നടന്ന ദുരന്തം” എന്ന് കാണുന്നതിനേക്കാൾ, നമ്മുടെ കുടുംബങ്ങളെയും പുതിയ തലമുറയെയും കുറിച്ച് ചിന്തിക്കാനുള്ള ഒരു മുന്നറിയിപ്പായി കാണാം.
ഒരു വസ്തുവിന് ഇത്രയും വില ലഭിക്കുന്നത് എങ്ങനെ?
ഇന്ന് പലപ്പോഴും ഒരു കുട്ടിയുടെ മൂല്യം അവന്റെ കൈയിലെ ഫോൺ, വസ്ത്രം, കാർ, followers, likes എന്നിവയുമായി താരതമ്യം ചെയ്യപ്പെടുന്നു.
“എല്ലാവർക്കും ഉണ്ട്, …. എനിക്കും വേണം.”,….. “ഇത് കിട്ടിയില്ലെങ്കിൽ എനിക്ക് പറ്റില്ല.”,….. ഇത്തരം ചിന്തകൾ പതുക്കെ ആഗ്രഹത്തിൽ നിന്ന് പിടിവാശിയിലേക്കും, പിടിവാശിയിൽ നിന്ന് നിയന്ത്രിക്കാനാകാത്ത നിരാശയിലേക്കും വളരാം. അതുകൊണ്ട് മക്കളെ “ഇല്ല” എന്ന് കേൾക്കാനും, നിരാശകളെ നേരിടാനും, ലഭിക്കാത്ത കാര്യങ്ങൾക്കിടയിലും സന്തോഷത്തോടെ ജീവിക്കാനും പഠിപ്പിക്കണം. ജീവിതത്തിൽ നമുക്ക് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കണമെന്നില്ല. പക്ഷേ അത് ജീവിതത്തിന്റെ അവസാനമല്ല.
മക്കൾക്ക് ഫോൺ കൊടുക്കുന്നതിന് മുമ്പ് വിശ്വാസം കൊടുക്കുക
നമ്മുടെ കുട്ടികൾക്ക് technology ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം ദൈവത്തിൽ ആശ്രയിക്കാനും പഠിപ്പിക്കണം. Internet-ൽ ഉത്തരങ്ങൾ അന്വേഷിക്കുന്നതിന് മുമ്പ് ദൈവവചനത്തിൽ ഉത്തരങ്ങൾ അന്വേഷിക്കാൻ പഠിപ്പിക്കണം. Social media-യിൽ സ്വന്തം വില അന്വേഷിക്കുന്നതിന് മുമ്പ് ക്രിസ്തുവിൽ സ്വന്തം വില കണ്ടെത്താൻ പഠിപ്പിക്കണം.
നമ്മുടെ മൂല്യം ഒരു iPhone-ലല്ല….. പണത്തിലല്ല…. Followers-ലല്ല. നമ്മുടെ മൂല്യം ക്രിസ്തുവിലാണ്.
കുട്ടികളോട് പ്രസംഗിക്കാതെ സംസാരിക്കാം:
ഇന്ന് പല വീടുകളിലും എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്, പക്ഷേ ഓരോരുത്തരും ഓരോ screen-ന്റെ ലോകത്തിലാണ്. മക്കൾക്ക് ഏറ്റവും ആവശ്യമുള്ളത് മറ്റൊരു gadget അല്ല; അവരെ കേൾക്കുന്ന ഒരു ഹൃദയമാണ്.
“നിനക്ക് എന്താണ് വിഷമം?”… “നിന്നെ എന്താണ് ഭയപ്പെടുത്തുന്നത്?”… “നിനക്ക് ആരോടെങ്കിലും സംസാരിക്കണമെന്നുണ്ടോ?”… എന്ന് ചോദിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. കുട്ടി തെറ്റ് ചെയ്തപ്പോൾ മാത്രം സംസാരിക്കരുത്. അവൻ സംസാരിക്കാൻ ആഗ്രഹിക്കുന്ന സമയത്ത് കേൾക്കുക.
സഭയ്ക്കും ഒരു ഉത്തരവാദിത്തമുണ്ട്
ഇത് വീടുകളുടെ മാത്രം പ്രശ്നമല്ല. സഭയും ഉണരണം. യുവജനങ്ങൾക്ക് പ്രസംഗങ്ങൾ മാത്രം മതിയാകില്ല. അവർക്ക് ബന്ധങ്ങളും, കേൾക്കുന്ന നേതാക്കളും, വിശ്വസിച്ച് സംസാരിക്കാവുന്ന മുതിർന്നവരും വേണം. അവരുടെ സംശയങ്ങളും പരാജയങ്ങളും ഭയങ്ങളും തുറന്നു പറയാൻ കഴിയുന്ന ഒരു ആത്മീയ അന്തരീക്ഷം സഭയിൽ ഉണ്ടാകണം. യുവതലമുറയെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് അവരുടെ ലോകം മനസ്സിലാക്കണം.
ഒരു ഫോൺ കൈയിൽ ഉണ്ടായിരിക്കട്ടെ; ഹൃദയത്തിൽ അല്ല
മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കട്ടെ. നല്ല ജോലി ലഭിക്കട്ടെ. Technology ഉപയോഗിക്കട്ടെ. നല്ല ജീവിതം നയിക്കട്ടെ… ഇതൊന്നും തെറ്റല്ല. പക്ഷേ ഇവയൊന്നും ദൈവത്തിന് പകരമാകരുത്. ഒരു ഫോൺ നമ്മുടെ കൈയിൽ ഉണ്ടായിരിക്കണം; നമ്മുടെ ഹൃദയത്തിൽ അല്ല.
നമ്മുടെ മക്കൾ പഠിക്കേണ്ടത്:
“എനിക്ക് ഇത് ലഭിച്ചില്ലെങ്കിലും എന്റെ ജീവിതത്തിന് വിലയുണ്ട്.”
“ഞാൻ പരാജയപ്പെട്ടാലും ദൈവം എന്നെ ഉപേക്ഷിക്കുന്നില്ല.”
“എന്റെ പ്രശ്നം വലുതാണെങ്കിലും എന്റെ ദൈവം അതിലും വലുതാണ്.”
ഇതാണ് ക്രിസ്തീയ പ്രത്യാശ.
വീണ്ടും കുടുംബമായി പ്രാർത്ഥിക്കാം
നമ്മുടെ വീടുകളിൽ Wi-Fi ഉണ്ട്, smartphones ഉണ്ട്, Smart TV ഉണ്ട്. പക്ഷേ കുടുംബമായി മുട്ടുകുത്തുന്ന സമയം എത്രയുണ്ട്? നമുക്ക് വീണ്ടും തുടങ്ങാം.
ഫോൺ കുറച്ച് സമയം മാറ്റിവയ്ക്കാം…. ഒരുമിച്ച് ഭക്ഷണം കഴിക്കാം.
ഒരുമിച്ച് സംസാരിക്കാം…. ബൈബിൾ വായിക്കാം…. ഒരുമിച്ച് പ്രാർത്ഥിക്കാം…. മക്കളെ ശാസിക്കുന്നതിന് മുമ്പ് അവർക്കായി പ്രാർത്ഥിക്കാം. കാരണം മാതാപിതാക്കളുടെ മുട്ടുകുത്തിയ പ്രാർത്ഥനയിൽ വളരുന്ന മക്കൾക്ക് ലോകത്തിന്റെ സമ്മർദ്ദങ്ങളെ നേരിടാനുള്ള ആത്മീയ ശക്തി ലഭിക്കും.
നമ്മുടെ മക്കൾക്ക് എന്താണ് അവകാശമായി നൽകാൻ പോകുന്നത്?
ഒരു വീട്? ഒരു ബാങ്ക് ബാലൻസ്? ഒരു കാർ? ഒരു iPhone? അല്ലെങ്കിൽ ക്രിസ്തുവിലുള്ള വിശ്വാസമോ? ഇവയിൽ പലതും നഷ്ടപ്പെട്ടാൽ വീണ്ടും നേടാം. പക്ഷേ ഒരു ജീവിതം നഷ്ടപ്പെട്ടാൽ തിരികെ കൊണ്ടുവരാൻ കഴിയില്ല.
അതുകൊണ്ട് നമ്മുടെ മക്കളെ ലോകത്തിൽ വിജയിക്കുന്നവരാക്കുന്നതിനു മുമ്പ് ദൈവത്തിൽ വേരൂന്നിയവരാക്കുക. അവരുടെ കൈയിൽ smartphone ഉണ്ടാകട്ടെ; പക്ഷേ ഹൃദയത്തിൽ ക്രിസ്തു ഉണ്ടാകട്ടെ.
അവരുടെ സ്വപ്നങ്ങൾ വലുതാകട്ടെ; പക്ഷേ അവരുടെ പ്രത്യാശ ക്രിസ്തുവിൽ ആയിരിക്കട്ടെ.
“ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു.” — യോഹന്നാൻ 14:6
നമ്മുടെ അടുത്ത തലമുറയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ inheritance ഒരു പുതിയ phone അല്ല— ഒരു പുതിയ ഹൃദയവും, ക്രിസ്തുവിൽ ഉറച്ച വിശ്വാസവുമാണ്.