സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങളും സംഭവവികാസങ്ങളും പലപ്പോഴും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതും അത്യന്തം ഭീതിപ്പെടുത്തുന്നതുമാണ്. നിയമത്തെയോ നിയമപാലകരെയോ ലവലേശം ഭയമില്ലാതെ പരസ്യമായി നടക്കുന്ന കൊലപാതകങ്ങൾ, കുടുംബങ്ങളിൽ നടക്കുന്ന ക്രൂരമർദ്ദനങ്ങൾ, അല്പം പോലും സഹാനുഭൂതിയില്ലാതെ പിഞ്ചുകുഞ്ഞുങ്ങളോട് കാണിക്കുന്ന പീഡനങ്ങൾ തുടങ്ങി ക്രൂരമായ ആക്രമണങ്ങളാണ് ദിനംപ്രതി കാണുന്നത്. എങ്ങോട്ടാണ് നമ്മുടെ സമൂഹത്തിന്റെ പോക്ക്?

​കഴിഞ്ഞ പതിറ്റാണ്ടായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം നമ്മുടെ സമൂഹത്തിലുണ്ടാക്കിയ വിനാശം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ‘ഓപ്പറേഷൻ തൂഫാൻ’ വഴി കേരളത്തിൽ ഈ ദിവസങ്ങളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ കണക്കുകൾ നാം വാർത്തകളിൽ കണ്ടു. ഇതിന്റെ എത്രയോ ഇരട്ടി കച്ചവടമായിരിക്കും ഓരോ ദിവസവും നടക്കുന്നത്! ആർക്ക് കഴിയും ഇതിനൊരു അന്ത്യം വരുത്തുവാൻ? പിടിക്കപ്പെട്ടാൽ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പോലും ആളുകൾ ഈ കച്ചവടത്തിൽ ഏർപ്പെടുന്നത് ഇതിലൂടെ ലഭിക്കുന്ന വൻലാഭം ഒന്നുകൊണ്ട് മാത്രമാണ്. പുരുഷന്മാർക്കൊപ്പം പിടിയിലാകുന്ന സ്ത്രീകളുടെ എണ്ണവും ഈ സ്ഥിതിയുടെ ഭീകരത വെളിവാക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ പോലും ഇവിടെ സുരക്ഷിതരല്ല; ഭയപ്പെട്ടേ മതിയാകൂ.

​സ്വന്തം മാതാപിതാക്കളെ മക്കൾ കൊലപ്പെടുത്തിയ മൂന്നിലധികം വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ടത്. പലയിടത്തും ലഹരി തന്നെയാണ് വില്ലൻ. സ്ഥിതി അതീവ ഗൗരവമുള്ളതാണ്. ഓരോ നിമിഷവും ഭയത്തോടെ കഴിച്ചുകൂട്ടേണ്ട അവസ്ഥയിലാണ് ഇന്ന് ജനങ്ങൾ. ലഹരിക്ക് അടിമകളായാൽ സ്നേഹബന്ധങ്ങളോ രക്തബന്ധങ്ങളോ തിരിച്ചറിയാൻ കഴിയാതെ വരുന്നു. പണത്തോടുള്ള അമിതമായ ആഗ്രഹവും ഇതിനൊരു കാരണമാണ്.

​ഏറെ ഭയത്തോടെ നോക്കിക്കാണേണ്ട നാളുകളാണിത്. സാമൂഹികജീവിതം നയിക്കുന്നവർക്കിടയിൽ ദൈവഭയവും ധാർമ്മികമൂല്യങ്ങളും ഇല്ലാതാകുന്നത് നാം തിരിച്ചറിഞ്ഞേ മതിയാകൂ. ഓരോ വാക്കും പ്രവർത്തിയും സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാൻ. ദൈവത്തെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഒരു തലമുറയിലൂടെ മാത്രമേ ഇത്തരം ക്രൂരതകൾക്ക് ഒരു അറുതി വരുത്താൻ സാധിക്കൂ. ക്രിസ്തുവിന്റെ സ്നേഹവും സന്ദേശവും ഏവരെയും ആകർഷിക്കട്ടെ. പരിഷ്കൃത സമൂഹത്തിൽ ഉത്തമ മൂല്യങ്ങളുള്ളവരായി ജീവിക്കാൻ നമുക്ക് സാധിക്കട്ടെ.


Leave a Reply

Your email address will not be published. Required fields are marked *