
അപ്പോസ്തല പ്രവൃത്തി 1:8 ഇപ്രകാരം പറയുന്നു. “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു”. ലൂക്കോസ് 9:1 “അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെ മേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു”.
ഇന്നത്തെ സഭാ നേതാക്കളുടെ പല പരാമർശങ്ങളും നാം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ തോന്നുന്നത് അവർ ക്രിസ്തുവിന്റെ ഈ വാക്കുകളിൽ നിന്ന് വ്യതിചലിച്ചു പോയോ എന്നാണ്. സഭയ്ക്ക് സമൂഹത്തിൽ വേണ്ട ശക്തി, രാഷ്ട്രീയ കേന്ദ്രങ്ങളിൽ വേണ്ട ശക്തി, അധികാര സ്ഥാനങ്ങളിൽ വേണ്ട ശക്തി ഇതൊക്കെയാണ് പലപ്പോഴും മുന്നിട്ട് നിൽക്കുന്നത്. “നാടോടുമ്പോൾ നടുവെ ഓടണം” എന്നത് ഒരു നാട്ടു പഴമൊഴി ആണെങ്കിലും ക്രിസ്തുവിൽ നിന്ന് വ്യതിചലിച്ചുള്ള ഈ വാചക കസർത്തുകളും അഭിപ്രായ പ്രകടനങ്ങളും ആത്മീയർക്ക് ഭൂഷണമല്ല.
തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേതാക്കളെക്കാൾ രാഷ്ട്രീയവും വർഗീയതയും പറയാൻ നമ്മുടെ സഭാ നേതാക്കന്മാർക്ക് പലപ്പോഴും ഒരു മടിയും തോന്നാറില്ല എന്നത് ചിന്തിക്കേണ്ടതാണ്. ആത്മീയതയെ കച്ചവടവൽക്കരിക്കാൻ ഇവർക്ക് ഒരു മടിയുമില്ല. പ്രസിദ്ധിയേക്കാൾ കുപ്രസിദ്ധിക്കാണ് ഇന്ന് വിപണി മൂല്യം.
ഈ തലമുറ പകർന്നു നൽകുന്ന അടിസ്ഥാന പാഠങ്ങളിൽ നിന്നാണ് വരുവാനുള്ള നമ്മുടെ തലമുറ പ്രചോദനം ഉൾക്കൊള്ളുന്നത്. നാം ആയിരിക്കുന്ന ഇന്നത്തെ ആത്മീയ ജീവിതത്തിൽ ചുറ്റും നടക്കുന്നതും കേൾക്കുന്നതും ശ്രദ്ധ വെച്ച് ഓടിയാൽ നമുക്ക് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടുവാൻ സാധിക്കുകയില്ല. വഴിയിൽ പട്ടുപോയ അനേകരുണ്ട് നമുക്ക് മുന്നിൽ തെളിവായും സാക്ഷ്യമായും.
സഭയുടെ ശക്തിപ്രകടനം ഏതു തന്നെ ആയാലും നേതാക്കന്മാർ ക്രിസ്തുവിനേക്കാൾ ലോകത്തെ സ്നേഹിച്ചാലും നമുക്കായി സ്വന്ത ജീവൻ വെടിഞ്ഞ ആ കാൽവറി നാഥനെ നോക്കി നമ്മുക്ക് മുന്നോട്ട് ഓടാം. സൈന്യത്താലുമല്ല, ശക്തിയാലുമല്ല, ദൈവത്തിന്റെ ആത്മാവിനാൽ അത്രെ നാം അനുദിന ഈ ജീവിതം നയിക്കേണ്ടത്. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.